Connect with us

International

മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ ഉക്രൈനിന് റഷ്യന്‍ വിമതരുടെ അനുമതി

Published

|

Last Updated

എം എച്ച് 17 വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദഹങ്ങള്‍ സംഭവസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു

കീവ്: കിഴക്കന്‍ ഉക്രൈനില്‍ തകര്‍ന്നുവീണ എം എച്ച് 17 മലേഷ്യന്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ ഡച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍ വിമതര്‍ അനുമതി നല്‍കി. മൂന്ന് പേരടങ്ങിയ അന്വേഷണ സംഘമാണ് മൃതദേഹങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുക. എം എച്ച് 17 വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 298 പേരും ദുരന്തത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഈ മാസം 17നാണ് വിമാനം തകര്‍ന്നുവീണത്. റഷ്യന്‍ വിമതര്‍ അയച്ച ബക് മിസൈല്‍ ഏറ്റാണ് വിമാനം തകര്‍ന്നുവീണതെന്നാണ് ഉക്രൈന്‍ വാദിക്കുന്നത്. ഈ വാദം തന്നെയാണ് അമേരിക്കയും മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം ഉക്രൈനാണ് വിമാനത്തകര്‍ച്ചക്ക് പിന്നിലെന്ന് റഷ്യയും വാദിക്കുന്നു. റഷ്യക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇതുസംബന്ധിച്ച് പ്രതികരിക്കവെ അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
272 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി ഉക്രൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് ഡച്ച് നേതൃത്വം നല്‍കുമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സനി വ്യക്തമാക്കി. അന്താരാഷ്ട്ര അന്വേഷണ സംഘത്തിലുള്‍പ്പെട്ട 31 പേരുടെ സംഘം ഇപ്പോള്‍ ഉക്രൈനില്‍ എത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നുവീണ സ്ഥലത്തെത്തി കൂടുതല്‍ വ്യക്തമായ തെളിവെടുപ്പ് ഇവര്‍ ആരംഭിക്കാനിരിക്കുകയാണ്. വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ തീപ്പിടിത്തം തടയാന്‍ സൈന്യത്തോട് ഉക്രൈന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് മുഴുവന്‍ സുരക്ഷയും ഒരുക്കണമെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ റഷ്യന്‍ വിമതര്‍ പിടിച്ചടക്കിയിരുന്ന ഡോണറ്റ്‌സ്‌ക് നഗരത്തില്‍ വന്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ വിമാനത്താവളത്തിനടുത്തും റെയില്‍വേ സ്റ്റേഷനടുത്തും ഏറ്റുമുട്ടല്‍ ശക്തമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു ബഹുനില കെട്ടിടത്തിന് തീപ്പിടിക്കുകയും ചെയ്തു.
ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ ആരംഭിച്ച ഉക്രൈനും റഷ്യന്‍ അനുകൂല വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.

---- facebook comment plugin here -----

Latest