ജൂഡീഷ്യറി വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍

Posted on: July 19, 2014 6:00 am | Last updated: July 18, 2014 at 9:38 pm

madaniരാജ്യത്ത് നിഷ്പക്ഷവും നീതിപൂര്‍വവുമായി നിയമം നടപ്പിലായി കാണണമെന്ന് ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍മോചനം. താത്കാലികമാണെങ്കിലും മഅ്ദനിക്ക് സുപ്രീം കോടതി അനുവദിച്ച് നല്‍കിയ ഒരു മാസത്തെ ജാമ്യം അദ്ദേഹത്തിന് വേണ്ടി വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തുന്നവര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. കര്‍ണാടക സര്‍ക്കാറിന്റെ അവകാശവാദങ്ങളെ ഭാഗികമായി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ അവകാശങ്ങളും തനിക്ക് മുന്നില്‍ നഗ്‌നമായി ലംഘിക്കപ്പെടുന്നത് നിസ്സഹായതയോടെ നോക്കിക്കാണേണ്ട ഗതികേടായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ മഅ്ദനിയെന്ന വികലാംഗനായ മനുഷ്യന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നല്‍കിയ ജാമ്യം അദ്ദേഹത്തിന് പുതിയ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്. കടമ്പകളെല്ലാം അതിജയിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മഅ്ദനിയുടെ വാക്കുകളില്‍ അത് പ്രകടമാണ്. കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ നീതിയുടെ വെളിച്ചം തനിക്ക് കിട്ടിത്തുടങ്ങിയെന്നാണ് മഅ്ദനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. നിരപരാധിത്വം തെളിയിച്ച് വൈകാതെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിന്റെ മണ്ണിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
കോയമ്പത്തൂര്‍- ബംഗളൂരു സ്‌ഫോടനക്കേസുകളുടെ പേരിലുള്ള ജയില്‍വാസം വഴി ഒരു ഡസനോളം രോഗങ്ങളുടെ തടവറയിലായ മഅ്ദനി ഇതിനകം നിരവധി തവണ ചികിത്സക്കായി ജാമ്യം നല്‍കണമെന്ന് യാചിച്ച് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം മഅ്ദനിക്ക് നിരാശ മാത്രമായിരുന്നു ഫലം. നീണ്ട നാലര വര്‍ഷക്കാലത്തെ നിയമ പോരാട്ടങ്ങള്‍ വേണ്ടിവന്നു ഇരുട്ട് വീണ കണ്ണുകളിലൂടെ അദ്ദേഹത്തിന് പുറം ലോകത്തിന്റെ വെളിച്ചം കാണാന്‍. എങ്കിലും മഅ്ദനിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന ചില സൂചനകളും ഈ താത്കാലിക മോചനം പറഞ്ഞു തരുന്നുണ്ട്.
പലരും പല രീതിയിലണ് മഅ്ദനിയുടെ ജാമ്യത്തെ നോക്കിക്കാണുന്നത്. രാജ്യത്തെ നിയമവിദഗ്ധരില്‍ ബഹൂഭൂരിപക്ഷവും ജാമ്യമില്ലാതെയുള്ള മഅ്ദനിയുടെ അനന്തമായ ജയില്‍വാസം നിയമ വ്യവസ്ഥകളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്ക പങ്ക് വെച്ചവരാണ്. പല തവണ വിവിധ കോടതികളുടെ മുന്നില്‍ ജാമ്യാപേക്ഷകള്‍ നിരസിക്കപ്പെടുമ്പോള്‍ ഈ രാജ്യത്തെ നീതിപിഠങ്ങള്‍ക്കിതെന്തു പറ്റിയെന്ന് ആശ്ചര്യത്തോടെ ആലോചിച്ച് തലയില്‍ കൈ വെച്ചിരുന്നവരുണ്ട്. അത്തരം ചിന്തകള്‍ സാധാരണക്കാരന്റെ മനസ്സിലിടം തേടാന്‍ മഅ്ദനിയുടെ കാര്യത്തില്‍ ഏറെയുണ്ട് കാര്യകാരണങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നീണ്ട ഒന്‍പതരവര്‍ഷക്കാലം സമാനമായ കേസില്‍ നിരപരാധി ആയിരുന്നിട്ടു പോലും കല്‍ത്തുറുങ്കില്‍ കഴിയേണ്ടി വന്ന ഒരാള്‍ വീണ്ടും അതേ രീതിയില്‍ ജയിലിടക്കപ്പെട്ടതാണോയെന്ന സംശയം തന്നെയാണ്. ഒട്ടനവധി രോഗങ്ങളുടെ പിടിയില്‍ വികലാംഗനായ ഒരു മനുഷ്യന്‍ പരസഹായമില്ലാതെ ഒന്നേണീറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ നാലര വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. അങ്ങനെയുള്ള ഒരാള്‍ സ്വന്തം ചെലവില്‍ ചികിത്സ തേടാന്‍ നിയമാനുസൃതമായി ജാമ്യത്തിന് അനുമതി നല്‍കണമെന്ന് പറയുമ്പോള്‍ അത് നിരസിക്കുന്നത് സന്തോഷത്തോടെ നോക്കിക്കാണാന്‍ ഫാസിസം മനസ്സില്‍ താലോലിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് നിരവധി തവണ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രവൃത്തിപഥത്തില്‍ കൊണ്ട് വരേണ്ട കര്‍ണാടക സര്‍ക്കാര്‍ അത്ര കാര്യമായ പരിഗണന നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ട മഅ്ദനിയുടെ അവശേഷിക്കുന്ന കാഴ്ച ശക്തി നിലനിര്‍ത്താന്‍ നടപടി വേണമെന്ന അഭിഭാഷകരുടെ നിരന്തരവാദം അല്‍പ്പം വൈകിയാണെങ്കിലും സൂപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യത്തിനുള്ള എല്ലാ വിധ അവകാശവുമുണ്ടെന്ന് മഅ്ദനിക്ക് വേണ്ടി ഹാജരായ രാജ്യത്തെ പ്രമുഖ അഭാഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സൂപ്രീം കോടതിക്ക് മൂന്നില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റ ശബ്ദമിടറി. നീതിയുടെ പ്രകാശം ഇനിയും കെട്ടുപോകരുതെന്ന പ്രമുഖനായ ഒരു അഭിഭാഷകന്റെ ആത്മാര്‍ഥമായ ആഗ്രഹം കൂടിയായിരുന്നു കോടതിക്കുമുന്നില്‍ പ്രകടമായത്.
മോചനം സാധ്യമാക്കിക്കൊടുത്തതിന് പിന്നില്‍ വേറെയും ഒരുപാട് ഘടകങ്ങളുണ്ട്. ഇനിയും ജാമ്യം നിഷേധിക്കാന്‍ കാരണങ്ങളൊന്നും നിരത്താനില്ലെന്നത് തന്നെയാണ് അതില്‍ പ്രധാനം. ജാമ്യം നിഷേധിക്കുന്നതിനായി വിവിധ കാരണങ്ങള്‍ പല തവണയായി കോടതികള്‍ പറഞ്ഞു കഴിഞ്ഞു. നിരവധി തവണ ജാമ്യാപേക്ഷകള്‍ മാറ്റി വെച്ചു. ഒടുവില്‍ കര്‍ണാടക സര്‍ക്കാറിനോട് ചികിത്സ നല്‍കണമെന്നു വരെ പറഞ്ഞു നോക്കി. ഒന്നും നടക്കാതെ വന്ന സാഹചര്യത്തില്‍ ജാമ്യമനുവദിക്കുകയായിരുന്നെന്ന് കൂടി വേണമെങ്കില്‍ അനുമാനിക്കാം. നമ്മുടെ നാട്ടില്‍ ഏതെങ്കിലും കേസില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ പിന്നീട് അദ്ദേഹത്തിന് കോടതിയില്‍ എത്തേണ്ട സാഹചര്യമുണ്ടായാല്‍ ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ നിരപരാധിയാണെങ്കിലും ഈ കേസിലും കുറ്റകാരനാകാന്‍ സാധ്യതയുണ്ടെന്ന രീതിയിലായിരിക്കും വാദപ്രതിവാദങ്ങള്‍. എന്നാല്‍ നീണ്ട ഒന്‍പതര വര്‍ഷം ഒരു കേസിന്റെ പേരില്‍ ജയിലില്‍ ഹോമിക്കപ്പെട്ട വികലാംഗനായ ഒരു മനുഷ്യന്‍ വീണ്ടും കോടതി മുറിക്കുള്ളില്‍ സമാനമാണെന്ന് സംശയിക്കേണ്ട കേസില്‍ നീതിക്കു വേണ്ടി അഭയം തേടുമ്പോള്‍ അയാളുടെ ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തിയത് പരിഗണിക്കുക പോലും ചെയ്യപ്പെടാത്തത് നമ്മുടെ നിയമസംവിധാനങ്ങളുടെ പോരായ്മ അല്ലാതെ പിന്നെയെന്താണ്?
എന്തായാലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ നിന്നും ബംഗളൂരു കേസിലെക്കെത്തുമ്പോള്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മഅ്ദനിയെ പോലെ സാഹചര്യങ്ങള്‍ക്കും സമൂലമായ മാറ്റം വന്നിട്ടുണ്ട്. കോയമ്പത്തൂര്‍ കേസില്‍ മഅ്ദനി കുറ്റക്കാരനാണെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. അതുകൊണ്ട് തന്നെ മഅ്ദനിക്ക് വേണ്ടി ശബ്ദിക്കാന്‍ അന്ന് പലരും വിമുഖത കാട്ടി. അദ്ദേഹത്തിന്റെ മുന്‍കാല പ്രസംഗങ്ങളും നിലപാടുകളുമാണ് അത്തരത്തില്‍ ചിലരെങ്കിലും ചിന്തിക്കാന്‍ കാരണമായതെന്ന് മഅ്ദനി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇന്ന് കാര്യങ്ങളുടെ സ്ഥിതി അതല്ല. ഏറെ മാറ്റം വന്നിരിക്കുന്നു. കോയമ്പത്തൂരില്‍ നിന്ന് കേരളത്തിലേക്കെത്തിയ മഅ്ദനി തനിക്ക് തന്റെ നാവ് കൊണ്ട് പറ്റിയ തെറ്റുകള്‍ ഏറ്റു പറഞ്ഞതോടെ മലയാളികളുടെ മനസ്സില്‍ ജാതി മത ചിന്തകള്‍ക്കതീതമായി മഅ്ദനിയുടെ ഗ്രാഫ് ഉയരുകയായിരുന്നു. മഅ്ദനിയെ വീണ്ടും ബംഗളൂരു കേസില്‍ നമ്മുടെ നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ അദ്ദേഹത്തിന്റെ നാട്ടുകാരും അല്ലാത്തവരുമായ വിവിധ സമൂദായങ്ങളില്‍ പെട്ട അമ്മമാര്‍ പോലും വാവിട്ടു കരഞ്ഞത് മഅ്ദനിയിലെ മാറിയ നിലപാടുകളോടുള്ള സ്‌നേഹപ്രകടനം കൂടിയായിരുന്നു.
അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ മഅ്ദനി പറഞ്ഞിരുന്നത് ഇനി ഒരിക്കലും തനിക്ക് പിറന്ന നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ മഅ്ദനിക്ക് അങ്ങനെയൊരു ചിന്തയില്ലെന്ന് വേണം കരുതാന്‍. നിരപരാധിത്വം തെളിയിച്ച് തന്റെ നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. നാല് വര്‍ഷത്തിനുള്ളില്‍ കേസുകളുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയതുകൊണ്ടാകണം അത്തരമൊരു ക്രിയാത്മക ചിന്തയിലേക്ക് മഅ്ദനി എത്തിപ്പെട്ടത്. നിരപരാധിത്വം തെളിയിച്ച് മഅ്ദനി അധികം വൈകാതെ തിരിച്ച് വരണമെന്ന് തന്നെയാണ് ബഹുഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്. മഅ്ദനി വീണ്ടും നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിയാല്‍ ലോകത്തെ ഏറ്റവും വലിയ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന ഇന്ത്യാ രാജ്യത്തെ നിയമ വ്യവസ്ഥ ഒരിക്കല്‍ കൂടി വീല്‍ചെയറില്‍ ഉന്തി നീങ്ങുന്ന മഅ്ദനിയെന്ന മനുഷ്യന് മുന്നില്‍ തല കുനിക്കുന്നത് നാം കണ്ടു നില്‍ക്കേണ്ടിവരും. ഇത് തിരിച്ചറിയാവുന്ന ഭരണകൂടം നിരപരാധിയാണെങ്കില്‍ കൂടി മഅ്ദനിക്ക് മേലെ കുരുക്കുകള്‍ കൂട്ടിക്കെട്ടുന്നതിന്റെ തിരിക്കിലകാം ഇപ്പോഴുമുള്ളത്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് മഅ്ദനിയെന്നത് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് എന്തുകൊണ്ടു ബോംബ് എറിഞ്ഞുകൂടായെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരോട് ചിരിച്ചുകൊണ്ട് നിങ്ങള്‍ മാവിലായിക്കാരനാണോയെന്ന് ചോദിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. പ്രത്യേകിച്ചും, വിശുദ്ധ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മഅ്ദനി പറയുന്നിടത്തോളം കാലം. അതേസമയം ജയില്‍മോചനത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകസ്വരത്തില്‍ പല വട്ടം പല രീതിയില്‍ ശബ്ദിക്കുന്നുണ്ടെങ്കിലും നീതിയും ധര്‍മവും മൂലധനമാക്കിയല്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് കൂടി മഅ്ദനി നേടിയിട്ടുണ്ടാകും. ചിലത് വിളിച്ചു പറയലും ചിലത് പറയാതിരിക്കലുമാണ് രാഷ്ട്രീയം. അത് കൊണ്ടു തന്നെ രാഷ്ട്രീയവുമായി ഇനിയും മഅ്ദനി മുന്നോട്ട് പോകുകയാണെങ്കില്‍ ഇനിയുള്ള കാലം എന്തും തുറന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ചിലത് പറയേണ്ട സമയങ്ങളില്‍ പറയുകയും മറ്റ് ചിലത് പറയാതിരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒരിക്കലും അഴിച്ചു വെക്കാനാകാത്ത തരത്തില്‍ വീണ്ടും ആ പഴയ പ്രതാപ കാലം മഅ്ദനിയെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കോയമ്പത്തൂര്‍ കേസില്‍ സാക്ഷികളെ കെട്ടിച്ചമച്ചതാണെങ്കില്‍ ബംഗളൂരു കേസില്‍ പോലീസ് നീണ്ട ആസൂത്രണമുണ്ടെന്നും മഅ്ദനി ചൂണ്ടിക്കാട്ടുന്നുണ്ട്. അതായിരിക്കണം പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടാനുള്ള കാരണം. എന്തായാലും മഅ്ദനിക്ക് വേണ്ടി ശബ്ദിക്കാന്‍ വലിയൊരു സമൂഹമുണ്ട്. നന്മ നിലക്കാത്ത ഒരുപറ്റം മാധ്യമങ്ങളുമുണ്ട്. മഅ്ദനി നിപരരാധിയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ നീതിക്ക് വേണ്ടി ഇനിയും ശബ്ദിച്ചുകൊണ്ടിരിക്കും.
ഇതിനിടയില്‍ അകാരണമായി ജയിലിലടക്കപ്പെട്ട സക്കരിയയെപ്പോലെ നിരവധി ചെറുപ്പക്കാര്‍ രാജ്യത്തെ ജയിലുകളില്‍ കിടക്കുന്നുണ്ട്. അവരെ നമ്മള്‍ മറക്കരുത്. അവര്‍ക്കും നീതിയുടെ വെളിച്ചമെത്തിക്കാന്‍ കഴിയണം. അവരുടെ വീടുകളിലും കണ്ണീരുമായി കഴിയുന്ന ബന്ധുജനങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും പ്രാര്‍ഥിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമ്മുടെ നീതിബോധത്തിലും മനുഷ്യാവകാശ ശബ്ദങ്ങളിലും അത്ര വലിയ അര്‍ഥമുണ്ടെന്ന് പറയാനാകില്ല. അതല്ലെങ്കില്‍ പബ്ലിസിറ്റിക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന പ്രകടനമായിട്ടേ ചരിത്രം ഇടപെടലുകളെ വിലയിരുത്തുകയുള്ളൂ.