Connect with us

Editorial

ഫലസ്തീനും കേന്ദ്ര സര്‍ക്കാറും

Published

|

Last Updated

ഫലസ്തീന്‍ പ്രശ്‌നത്തില്‍ മോദി സര്‍ക്കാര്‍ നിഷ്പക്ഷത പാലിക്കുകയാണ് പോല്‍! ഗാസയിലെ ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ ഇന്ത്യ പ്രതികരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചു കൊണ്ടാണ,് രണ്ട് കക്ഷികള്‍ക്കിടയിലെ സംഘര്‍ഷത്തില്‍ ഒരു പക്ഷത്തെ മാത്രം അനുകൂലിക്കാനാകില്ലെന്നന്ന് പാര്‍ലിമെന്ററി മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവിച്ചത്. ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ അധിക്ഷേപിക്കുന്നതിന് പകരം എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുകയാണ് വേണ്ടതെന്ന തത്വോപദേശവും നല്‍കുന്നു അദ്ദേഹം.
അപ്രതീക്ഷിതമല്ല നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഈ നിലപാട്. ക്രൂരതയിലും മുസ്‌ലിം വിരോധത്തിലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ് ജൂതരും സംഘ് പരിവാറും. ഫലസ്തീനിനെ കേന്ദ്രീകരിച്ചു ജൂത ഫാസിസം നടത്തുന്ന ആക്രമണങ്ങളുടെ ആത്യന്തിക ലക്ഷ്യം മുസ്‌ലിം ഉന്മൂലനമാണെങ്കില്‍ ഗുജറാത്ത് മോഡല്‍ കലാപങ്ങളിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ഏതു പ്രദേശത്തുകാരായാലും ഫാസിസ്റ്റുകള്‍ക്കിടയില്‍ മാനസികമായ ഐക്യവും പൊരുത്തവും സ്വാഭാവികമാണ്. ജൂത ഫാസിസത്തെ തള്ളിപ്പറയാന്‍ ഹിന്ദുത്വ ഫാസിസം തയാറായെങ്കിലേ അത്ഭുതമുള്ളു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ഫലസ്തീന്‍ നയത്തില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ് മോദി സര്‍ക്കാറിന്റെ ഈ നിലപാട്. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നം ആരംഭിച്ച കാലം തൊട്ടേ ഫലസ്തീനിനോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതൊരു ഏകപക്ഷീയ നിലപാടായിരുന്നില്ല, നീതിയുക്തവും ന്യായവുമായ നയമായിരുന്നു. വഞ്ചനയിലൂടെ പിറവിയെടുത്ത രാജ്യമാണ് ഇസ്‌റാഈല്‍. നാസികളുടെ വളര്‍ച്ചയോടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടത്തിയ ജൂത വേട്ടയും, പോളണ്ടിലും റഷ്യയിലും ഉരിത്തിരിഞ്ഞ ജൂതവിരോധവും മുറുകിയപ്പോള്‍ ജൂതസമൂഹത്തെ കുടിയിരുത്താന്‍ വന്‍ശക്തികള്‍ ഫലസ്തീനിനെ വെട്ടിമുറിക്കുകയായിരുന്നു. ഹോളോകോസ്റ്റില്‍ നിന്നും പലായനം ചെയ്ത ജൂതന്മാന്‍ അമേരിക്കയിലോ ഫ്രാന്‍സിലോ കുടിയേറിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അവരെ തന്ത്രപൂര്‍വം ഫലസ്തീന്‍ മണ്ണിലേക്ക് തള്ളിവിട്ടത്. അര്‍ജന്റീന, സൈപ്രസ്, ഉഗാണ്ട തുടങ്ങി മറ്റു പല പ്രദേശങ്ങളും ഇതിനായി നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അറബ് സമൂഹത്തിന്റെ സാസ്ഥ്യം നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഫലസ്തീന്‍ തിരഞ്ഞെടുത്തതിന്് പിന്നിലുണ്ടായിരുന്നു. അതിന്റെ ദുരന്ത ഫലമാണ് ഫലസ്തീനികളും അറബ് സമൂഹവും ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് ലക്ഷത്തോളം ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ രാഷ്ട്ര രൂപവത്കരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഫലസ്തീനില്‍ നിന്ന് വന്‍ശക്തികളും സയണിസ്റ്റുകളും ചേര്‍ന്നു ആട്ടിയോടിച്ചതെങ്കില്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ എണ്ണം ഇന്ന് 50 ലക്ഷത്തോളമായി ഉയര്‍ന്നിട്ടുണ്ട്. വിശാല ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഫലസ്തീന്‍ പ്രദേശം നിരന്തരം കൈയേറുകയും ഫലസ്തീനികളെ വഴിയാധാരമാക്കുകയുമാണ് ജുത ഭരണകൂടം.
ഒരു വിഭാഗത്തിന് അവകാശപ്പെട്ട ഭൂമിയില്‍ അവരെ നിര്‍ബന്ധപൂര്‍വം കുടിയിറക്കി, മറ്റൊരു വിഭാഗത്തെ കുടിയിരുത്തുന്നത് അതിക്രമവും ക്രൂരതയുമാണ്. “ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെതും ഫ്രാന്‍സ് ഫ്രഞ്ചുകാരുടെതുമെന്നപോലെ നിസ്സംശയം ഫലസ്തീന്‍ അറബികളുടെതുമാണ്. യഹൂദരെ അറബികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വത്തിനു നിരക്കാത്ത അപരാധവുമാണെന്നായിരുന്നു ഇസ്‌റാഈല്‍ രുപവത്കരണത്തെക്കുറിച്ചു ഗാന്ധിജി പറഞ്ഞത്. അതുകൊണ്ടാണ് ഇന്ത്യ തുടക്കം മുതലേ ഫലസ്തീനിന്റെ പക്ഷത്ത് നിലയുറപ്പിച്ചത്.
ബാബ്‌രി മസ്ജിദ് പൊളിക്കാന്‍ സംഘ്പരിവാറിന് ഒത്താശ ചെയ്തു കൊടുത്ത നരസിംഹ റാവുവിന്റെ ഭരണ കാലത്താണ് ഈ നയത്തില്‍ മാറ്റം വരുന്നതും ഇസ്‌റാഈലുമായി ഇന്ത്യ സൗഹൃദത്തിലാകുന്നതും. വാജ്‌പേയിയുടെ ഭരണ കാലത്ത് ഈ ബന്ധം ആയുധക്കരാറുകളിലേക്ക് പുരോഗമിച്ചു. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ നെഹ്‌റുവിന്റെ നയത്തിലേക്ക് തിരിച്ചു പോകുന്നതിനു പകരം, നരസിംഹ റാവുവിന്റെയും വാജ്‌പേയിയും പാത പിന്തുടരുകയായിരുന്നു. പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നഎ കെ ആന്റണി ഇസ്‌റാഈലുമായി നിരവധി ആയുധക്കരാറുകളില്‍ ഒപ്പ് വെച്ചു. മോദി സര്‍ക്കാറിന് പ്രകടമായ ഇസ്‌റാഈല്‍ അനുകൂല നിലപാട് സ്വീകരിക്കാനുള്ള ആര്‍ജവം നല്‍കിയത് കോണ്‍ഗ്രസ് തന്നെയാണ്.
ജൂതക്രൂരതക്കും പൈശാചികതക്കും നിരന്തരം വിധേയരാകുന്ന ഫലസ്തീന്‍ ജനത അതിജീവനത്തിനായുള്ള പഴുത് തേടുമ്പോള്‍ അവര്‍ക്കു നേരെ മുഖം തിരിക്കുന്നതിനെ നിഷ്പക്ഷതയെന്നല്ല, മനുഷ്യത്വമില്ലായ്മയെന്നാണ് വിശേഷിപ്പിക്കേണ്ടത്. വേട്ടയാടപ്പെടുന്നവനെയും വേട്ടക്കാരയും ഒരേ പോലെ കാണുന്നത് ക്രൂരതയാണ്. ഇസ്‌റാഈലിന്റെ ക്രൂരതക്കെതിരെയെന്ന പോലെ, എന്‍ ഡി എ സര്‍ക്കാറിന്റെ തെറ്റായ ഫലസ്തീന്‍ നയത്തിനെതിരെയും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സമൂഹം ശക്തിയായി പ്രതികരിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest