ദയാവധം ആത്മഹത്യക്ക് തുല്യം: കേന്ദ്ര സര്‍ക്കാര്‍

Posted on: July 16, 2014 7:56 pm | Last updated: July 16, 2014 at 7:56 pm

supreme courtന്യൂഡല്‍ഹി: ദയാവധം ആത്മഹത്യക്ക് തുല്യമാണെന്നും അത് അനുവദിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തവിധം ആരോഗ്യ പ്രശ്‌നമുള്ളവരെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതേതുടര്‍ന്ന് ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ദയാവധം ആത്മഹത്യയ്ക്ക് തുല്യമാണെ്‌നും അത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മനുഷ്യാവകാശ പ്രശ്‌നങ്ങളുള്ളതിനാല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ശേഷം കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിഷയം പഠിക്കാനായി മുന്‍ സോളിസിറ്റര്‍ ജനറല്‍ സി. അന്ധ്രാജിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.

ചികിത്സ നിഷേധിക്കാനും സ്വയം ഇഛയോടെ മരണം വരിക്കാനും അനുവാദം നല്‍കണമെന്ന് കോമണ്‍കോസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു