ഇസ്‌റാഈല്‍ ഭീകരതക്കെതിരെ പ്രതിഷേധിക്കുക: യൂത്ത് ലീഗ്

Posted on: July 12, 2014 12:18 am | Last updated: July 12, 2014 at 12:18 am

YOUTH LEAGUEകോഴിക്കോട്: ഫലസ്തീനിലെ നിരാലംബരായ സിവിലിയന്‍മാരെ നിഷ്ഠൂരം കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ഭീകരതക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും ആഹ്വാനം ചെയ്തു. ഫലസ്തീന്‍ മക്കളെ കൊന്നൊടുക്കി ദശാബ്ദങ്ങളായി തുടരുന്ന സയണിസ്റ്റ് ഭീകരത പുതിയ കുടില തന്ത്രങ്ങളുമായാണ് ആക്രമണങ്ങള്‍ അഴിച്ച് വിടുന്നത്. ഫലസ്തീന്റെ ഒറ്റപ്പെട്ട ചെറുത്ത് നില്‍പ്പുകളെ അന്താരാഷ്ട്ര വേദികളില്‍ പര്‍വ്വതീകരിച്ച് കാണിക്കാനാണ് പലരും ശ്രമിക്കുന്നത്. ഫലസ്തീന്റെ ചെറുത്ത്‌നില്‍പ്പുകള്‍ മുന്‍കൂട്ടി അറിയുന്നതിനും വേണ്ട മുന്നറിയിപ്പ് നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇസ്രാഈല്‍ സജ്ജമാക്കിയിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകള്‍ക്കുള്ളില്‍ കഴിയുന്നവരെ പുറത്തിറക്കിയാണ് ഇസ്രാഈല്‍ പൈശാചികമായ ക്രൂരതകള്‍ അഴിച്ചുവിടുന്നത്. വംശഹത്യ ലക്ഷ്യമിട്ടു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇസ്രാഈല്‍ ഫലസ്തീന് നേരെ ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട രാജ്യമായ ഇസ്രാഈലിന്റെ ധാര്‍ഷ്ട്യത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.