ഇറാഖ് വിമതര്‍ ആണവ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

Posted on: July 11, 2014 1:00 am | Last updated: July 11, 2014 at 1:12 am

ബഗ്ദാദ്: ഉത്തര ഇറാഖിലെ സ്വാതില്‍ ആണവ പദാര്‍ഥങ്ങള്‍ വിമതര്‍ (ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ദി ലവന്റ്) പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട്. മൂസ്വിലിലെ യൂനിവേഴ്‌സിറ്റിയില്‍ പഠനാവശ്യത്തിന് സജ്ജീകരിച്ച ആണവ പദാര്‍ഥങ്ങള്‍ വിമതര്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ യു എന്ന് മുന്നറിയിപ്പ് നല്‍കി. 40 കിലോഗ്രാം യുറേനിയം പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തെന്ന് ഇറാഖിന്റെ യു എന്‍ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇറാഖിലും വിദേശങ്ങളിലും ആണവ പദാര്‍ഥങ്ങള്‍ വിമതര്‍ ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആണവപദാര്‍ഥങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിധം കൂടുതലില്ലെന്ന് യു എന്‍ ആറ്റോമിക് ഏജന്‍സി (ഐ എ ഇ എ) വ്യക്തമാക്കി. പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ആയുധങ്ങള്‍ നിര്‍മിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ലെന്നാണ് യു എന്‍ കണക്കുകൂട്ടല്‍. പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭൂപടം ഉള്‍പ്പടെ വ്യക്തമായ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചാണ് സര്‍ക്കാര്‍ യു എന്നിന് കത്ത് കൈമാറിയത്. പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ വിമതര്‍ക്ക് കഴിയില്ലെന്നാണ് യു എസും മേഖലയിലുള്ള വിദഗ്ധ ഉദ്യോഗസ്ഥരും പ്രതികരിച്ചത്.