ഇത്തിഹാദ് റെയില്‍ സുരക്ഷാ ബോധവത്കരണം തുടങ്ങി

Posted on: July 9, 2014 9:43 pm | Last updated: July 9, 2014 at 9:43 pm
New Image
ബോധവത്കരണവുമായി ബസ്‌

അബുദാബി: തലസ്ഥാന എമിറേറ്റിലെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ഗര്‍ബിയയിലെ നിവാസികള്‍ക്കായി അബുദാബി പൊലീസ് ഏഴുമാസത്തെ ഇത്തിഹാദ് റയില്‍ സുരക്ഷാ ബോധവല്‍കരണ ക്യാംപെയിന്‍ ആരംഭിച്ചു. പുതിയ റെയില്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടു കാല്‍നട-സൈക്കിള്‍ യാത്രക്കാര്‍ക്കായുള്ള ക്രോസിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുള്‍പ്പെടെ പ്രായോഗിക നിയമോപദേശങ്ങളാണ് ബോധവല്‍ക്കരണത്തിലൂടെ പൊതു ജനങ്ങളിലെത്തിക്കുന്നത്.
നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങളില്‍ക്കൂടിയല്ലാതെ റയില്‍ പാളങ്ങള്‍ മുറിച്ചുകടക്കരുതെന്ന കര്‍ശനനിര്‍ദേശവും ക്യാമ്പയിനില്‍ പോലീസ് വിശദീകരിക്കുന്നുണ്ട്. ഇത്തിഹാദ് റെയില്‍ക്കമ്പനി പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രഥമ ഇത്തിഹാദ് റെയില്‍ പദ്ധതി എല്ലാ അര്‍ഥത്തിലും സുരക്ഷിതമാക്കാനുള്ള ബോധവല്‍ക്കരണം പോലീസ് ഏറ്റെടുത്തു നടപ്പാക്കുന്നത്.
അബുദാബി പോലീസ് ഗതാഗതവകുപ്പ് തലവന്‍ കേണല്‍ താരിഖ് അല്‍ ഗൂലിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍. ബോധവല്‍കരണത്തിന്റെ ഭാഗമായി ബുക്‌ലെറ്റുകളും വിതരണം ചെയ്യുന്നുണ്ട്. അല്‍ ഗര്‍ബിയയിലെ ഏഴു മേഖലയിലും ഓരോ മാസം വീതമാണു ക്യാമ്പയിന്‍ നടക്കുക.
റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം ജനങ്ങളുടെയും മൃഗങ്ങളുടെയും സുരക്ഷിതത്വത്തിനായി സ്ഥാപിച്ചിട്ടുള്ള കമ്പിവേലികള്‍ ചാടിക്കടക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് ഉപദേശിക്കുന്നു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഭാഗത്തുകൂടി മാത്രമേ മറുവശത്തേക്കു പോകാവൂ. ട്രാക്കിലൂടെപ്പായുന്ന തീവണ്ടിക്കാണു മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ റോഡ് യാത്രയില്‍ കാല്‍നട-സൈക്കിള്‍ യാത്രക്കാര്‍ നിയമ വിധേയമായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അവര്‍ക്കാണു മുന്‍ഗണന.
പ്രത്യേകം തയാറാക്കിയ ഇരുനില ബസില്‍ യാത്ര ഉള്‍പ്പെടെ സജ്ജമാക്കിയാണു പ്രായോഗിക സുരക്ഷാപരിപാടി നടപ്പാക്കുന്നത്. നഗരസഭകള്‍, വിദ്യാലയങ്ങള്‍, മാളുകള്‍, ലേബര്‍ ക്യാമ്പുകള്‍, താമസമേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ‘പ്ലേ ബൈ ദ് റൂള്‍സ്’ എന്ന മുദ്രാവാക്യവുമായി ഇരുനില ബസ് ചുറ്റിസഞ്ചരിക്കും.
തീവണ്ടിയാത്രയുടെ സാങ്കേതിക നിലവാരം ഉള്‍പ്പെടെ ബോധവല്‍കരണത്തില്‍ പ്രധാനമായും ജനങ്ങള്‍ക്കു താല്‍പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.