സ്വന്തം സംസ്ഥാനത്തിന് എട്ട് ട്രെയിനുകള്‍

Posted on: July 9, 2014 12:33 am | Last updated: July 9, 2014 at 12:33 am

sadanantha goudaന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ സ്വന്തം സംസ്ഥാനമായ കര്‍ണാടകയെ ബജറ്റില്‍ കാര്യമായി തന്നെ പരിഗണിച്ചു. ഒരു പ്രീമിയം എക്‌സ്പ്രസ് ട്രെയിനുള്‍പ്പെടെ എട്ട് ട്രെയിനുകളാണ് സ്വന്തം സംസ്ഥാനത്തിനായി മന്ത്രി അനുവദിച്ചത്. ഒരു പ്രീമിയം ട്രെയിനിന് പുറമെ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍, മൂന്ന് പസഞ്ചര്‍ ട്രെയിനുകളുമാണ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കമഖ്യയിലേക്കാണ് പ്രീമിയം എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തുക.
അസമിലെ ഗുവാഹത്തി സമീപമുള്ള സ്റ്റേഷനാണ് കമഖ്യ. ഫലത്തില്‍ അസം, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും ഈ സര്‍വീസിന്റെ ഗുണം ലഭിക്കും.
മൈസൂര്‍- കുശാല്‍നഗര്‍ പുതിയ പാതയുടെ സര്‍വേ, 18 ഓളം മറ്റ് പുതിയ പാതകള്‍ക്കായുള്ള സര്‍വേ എന്നിവയും ബജറ്റില്‍ കര്‍ണാടകക്കായി ലഭിച്ചു. മംഗലാപുരത്തു നിന്ന് ഉള്ളാള്‍ വഴി സൂറത്കലിലേക്കുള്ള തീരദേശ പാത ഇരട്ടിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ദിവസേനയുള്ള ബംഗളൂരു-മംഗലാപുരം, ആഴ്ചയില്‍ രണ്ട് സര്‍വീസുള്ള ബംഗളൂരു- ഷിമോഗ, അഴ്ചയില്‍ ഒരിക്കലുള്ള ബംഗളൂരു- ടാറ്റാ നഗര്‍, ബിദാര്‍- മുംബൈ എന്നിവയാണ് അനുവദിച്ച നാല് എക്‌സ്പ്രസ് ട്രെയിനുകള്‍. യശ്വന്ത്പൂര്‍- തുംകൂര്‍, ഉടുപ്പി- കാസര്‍കോഡ്, ധര്‍വാദ്- ഡാന്‍ഡെലി എന്നിവയാണ് ദിവസേനയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍
അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ജനസാധാരണ്‍ ട്രെയിനുകള്‍, ഏഴ് എ സി എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയിലൊന്നും കര്‍ണാടകക്ക് ലഭിച്ചില്ല. കര്‍ണാടകക്കും മഹാരാഷ്ട്രക്കും ഇടയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിനും സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.