Palakkad
പരസ്പരം പഴിചാരി ഘടക കക്ഷികള്‍; യു ഡി എഫ് നേതൃത്വം അങ്കലാപ്പില്‍
മണ്ണാര്‍ക്കാട്: വീരേന്ദ്രകുമാറിന്റെ തോല്‍വിയുടെ കാരണം കണ്ടെത്തുന്നതിന് യു ഡി എഫ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച ബാലകൃഷണപ്പിളള കമ്മീഷന്റെ സിറ്റിംങ് ഉച്ചക്ക് ശേഷം 2ന് മണ്ണാര്‍ക്കാട് ടി ബിയില്‍ നടക്കും.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തില്ലാത്ത ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം—ബി രാജേഷ് വിജയിച്ചത്. ഘടക കക്ഷികള്‍ പരസ്പരം പഴിചാരി തോല്‍വി തങ്ങളുടെ തോളില്‍ നിന്നും തട്ടി നീക്കാനുളള തത്രപ്പാടിലാണ്. സ്ഥാനാര്‍ത്ഥിയുടെ കനത്തതോല്‍വിക്ക് ആക്കം കൂട്ടിയ മണ്ഡലങ്ങളിലൊന്നാണ് മണ്ണാര്‍ക്കാട്. ഏത് പ്രതികൂല സഹചര്യങ്ങളിലും യു—ഡി—എഫിന് 10000ല്‍ കുറയാതെ ഭൂരിപക്ഷം ലഭിക്കാറുളള മണ്ണാര്‍ക്കാട് ഈ തിരഞ്ഞെടുപ്പില്‍ 288 വോട്ടുമാത്രമാണ് നേടാനായത്.
പ്രചരണ സമയത്ത് മണ്ണാര്‍ക്കാട് യു—ഡി എഫ് നേതൃത്വം മണ്ഡലത്തില്‍ നിന്ന് 20000ല്‍ കൂറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന ഉറപ്പാണ് സ്ഥാനാര്‍ത്ഥിക്കും യു—ഡി—എഫ് ഉന്നത നേതൃത്വതതിനു നല്‍കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വോട്ടുകുറഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് പകരം ഘടക കക്ഷികള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനുളള ശ്രമങ്ങളാണ് നടത്തിയത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്കെത്തിക്കാന്‍ യു ഡി—എഫ് നേതൃത്വത്തിന് കഴിയാതിരുന്നതും മുഖ്യപാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും ഘടക കക്ഷികളുടെ ആഭ്യന്തര സംഘടനാ പ്രശ്‌നങ്ങളുമെല്ലാം വോട്ടുകുറയാന്‍ ഇടയാക്കിയെന്നാണ് പൊതുവായുളള വിലയിരുത്തല്‍. കൂടാതെ യു ഡി—എഫിലെ ചെറിയ കക്ഷികളെ പ്രചരണ രംഗത്ത് നിന്ന് അകറ്റി നിര്‍ത്തിയത് സംഘാടനത്തിലെ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം സ്ഥാനാര്‍ഥിക്ക് ലഭിച്ച ചിഹ്നവും വോട്ടുമാറിപ്പോവാന്‍ ഇടയാക്കിയതായും പറയപ്പെടുന്നുണ്ട്.—
തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ണാര്‍ക്കാട് മേഖലയില്‍ നടന്ന കല്ലാംകുഴി ഇരട്ടക്കൊലപാതകവും പ്രമുഖ സുന്നി പണ്ഡിതന്‍ ഏലംകുളം അബ്ദുറഷീദ് സഖാഫിക്ക് നേരെയുണ്ടായ അക്രമവവുമെല്ലാം സുന്നി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് അകറ്റിയത് തോല്‍വിയുടെ ആഘാതം വര്‍ദ്ധിച്ചതായും വിലയിരുത്തുന്നുണ്ട്. ഇന്ന് നടക്കുന്ന സിറ്റിങില്‍ മണ്ഡലത്തിലെ പിന്നോക്കം പോവാനുളള കാരണം പരസ്പരം തലയില്‍ നിന്ന് ഒഴിവാക്കാനുളള ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കും.


