Connect with us

Ongoing News

ഈ വര്‍ഷം അഡ്മിഷന്‍ നടത്തേണ്ടെന്ന് ഉത്തരവ്: ഒമ്പത് ഐ ടി ഐകള്‍ അടച്ചുപൂട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: സ്വന്തമായി ഭൂമിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഒമ്പത് ഐ ടി ഐകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് ജില്ലയിലെ മണിയൂര്‍, എറണാകുളത്തെ മരട്, മെഴുവേലി, പത്തനംതിട്ടയിലെ റാന്നി, ആലപ്പുഴയിലെ കായംകുളം, വയലാര്‍, കോട്ടയത്തെ തിരുവാര്‍പ്പ്, പെരുവ, മലപ്പുറത്തെ പുഴക്കാട്ടിരി എന്നീ ഗവ. ഐ ടി ഐകളിലാണ് ഈ വര്‍ഷം മുതല്‍ പ്രവേശനം നടത്തേണ്ടെന്ന് കാണിച്ച് വ്യവസായ പരിശീലന വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രവേശന നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് മുഴുവന്‍ ഐ ടി ഐകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കും ഇതിനികം ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച 39 ഐ ടി ഐകളിലെ ഒമ്പതെണ്ണമാണ് ഇപ്പോള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്വന്തമായി ഭൂമിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ ഐ ടി ഐകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഈ വര്‍ഷം പ്രവേശനം നിര്‍ത്തിവെച്ച് കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ രണ്ടാം വര്‍ഷ ക്ലാസുകള്‍ കഴിയുന്നതോടെ ഇവ അടച്ചുപൂട്ടാനാണ് നിര്‍ദേശം. പ്രവേശനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുന്ന ഒമ്പത് ഐ ടി ഐകളും കാര്‍ഷിക ഗ്രാമീണ മേഖലകളിലാണെന്നത് ശ്രദ്ധേയമാണ്. ഇതില്‍ പത്തനംതിട്ട മെഴുവേലിയിലേത് വനിതാ ഐ ടി ഐയാണ്. എന്‍ സി വി ടി സംഘത്തിന്റെ പരിശോധനയില്‍ മികച്ച ഐ ടി ഐ എന്ന് റിപ്പോര്‍ട്ട് നല്‍കപ്പെട്ടതാണ് കായംകുളം ഐ ടി ഐ. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്ഥാപനത്തിനാകുമെന്നാണ് എന്‍ സി വി ടി സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
സംസ്ഥാനത്തെ പല ഐ ടി ഐകളും എന്‍ സി വി ടി അംഗീകാരത്തിനായി ശ്രമം തുടരുന്നതിനിടെയാണ് കായംകുളം ഐ ടി ഐ സുദീര്‍ഘമായ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കി ദേശീയ അംഗീകാരം നേടിയത്. സ്വന്തമായി സ്ഥലം ഇല്ലെന്ന കാരണത്താല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് വ്യക്തമാണ്. കോട്ടയം തിരുവാര്‍പ്പ് ഐ ടി ഐ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളിന് ആവശ്യത്തിലധികം സ്ഥലം സ്വന്തമായുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം ഐ ടി ഐക്ക് ലഭ്യമാക്കാന്‍ വലിയ പ്രയാസമില്ല. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മേധാവികള്‍ക്ക് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും അനുമതിയോടെ ചെയ്യാവുന്ന കാര്യമാണിത്. എന്നിരിക്കെയാണ് ചെറിയ കാര്യം ചൂണ്ടിക്കാട്ടി ഈ തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത്.
സംസ്ഥാനം രൂപവത്കൃതമായപ്പോള്‍ ആരംഭിച്ച 34 ഐടി ഐകള്‍ മാത്രമാണ് 2005 വരെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ മറികടക്കാനാണ് ഗ്രാമീണ മേഖലയില്‍ പുതിയ ഐ ടി ഐകള്‍ ആരംഭിച്ചത്. എന്‍ സി വി ടി, എസ് സി വി ടി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന മികച്ച തൊഴില്‍ സാധ്യതാ കോഴ്‌സുകളാണ് എല്ലായിടത്തുമുള്ളത്. മിക്ക ഐ ടി ഐകള്‍ക്കും പഞ്ചായത്തുകള്‍ തന്നെയാണ് കെട്ടിടവും സ്ഥലവും കണ്ടെത്തിയത്.
കണ്ടെത്തിയ സര്‍ക്കാര്‍ സ്ഥലങ്ങള്‍ തൊഴില്‍ വകുപ്പിന് കൈമാറുന്നതില്‍ മറ്റു വകുപ്പുകളും സര്‍ക്കാറും കാണിക്കുന്ന അലംഭാവം മാത്രമാണ് തടസ്സം. അതേസമയം, ഐ ടി ഐ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്വകാര്യ മേഖലക്ക് വന്‍ നേട്ടമാകും.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest