Connect with us

Malappuram

ബിരുദ പ്രവേശം: ഏകജാലക സംവിധാനത്തിലെ അപാകങ്ങള്‍ പരിഹരിക്കണം- പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍

Published

|

Last Updated

മലപ്പുറം: ബിരുദ പ്രവേശനത്തിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള ഏകജാലക സംവിധാനത്തിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിച്ച് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക അകറ്റണമെന്ന് ദി കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളജസ് ഇന്‍ കേരള (പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍) ആവശ്യപ്പെട്ടു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂനിറ്റി ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്ന കാര്യത്തില്‍ പ്രോസ്‌പെക്ടസിലും നോട്ടിഫിക്കേഷനിലും വ്യക്തത വരുത്തണം. ഈ സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് പുറമെ അതത് കോളജുകളില്‍ അപേക്ഷിക്കുന്ന രീതി പുനഃസ്ഥാപിക്കണം.
കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ ഈ രീതിയാണ് പിന്തുടരുന്നത്. മറിച്ചുള്ള രീതി കോളജുകളും സര്‍ക്കാരും തമ്മിലുള്ള ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റിന്റെ അന്തഃസത്ത:ക്ക് നിരക്കുന്നതല്ല.
യൂനിവേഴ്‌സിറ്റി തയ്യാറാക്കുന്ന കമ്മ്യൂനിറ്റി ക്വോട്ടയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളില്‍ അതത് കോളജുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരെ മാത്രമെ കോളജുകള്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കാന്‍ കഴിയൂ. കോളജുകള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലെ സ്ഥാനവും ചോയ്‌സും വ്യക്തമാക്കുന്ന ഇന്റര്‍വ്യൂ കാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അയച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന നിലവിലെ രീതിതന്നെ കമ്മ്യൂനിറ്റി ക്വോട്ട പ്രവേശനത്തിന് തുടരണം. ഇതിനായി എല്ലാ കോളജുകള്‍ക്കും ബാധകമായ കമ്മ്യൂനിറ്റി ക്വോട്ട അഡ്മിഷന്‍ ഷെഡ്യൂള്‍ യൂനിവേഴ്‌സിറ്റി മുന്‍കൂട്ടി പ്രസിദ്ധീകരിക്കണം. സ്‌പോര്‍ട്‌സ്, വികലാംഗര്‍, ലക്ഷദ്വീപ് എന്നീ ക്വോട്ടകളിലെ പ്രവേശനത്തിനും ഇതേ രീതി തന്നെ നടപ്പാക്കണം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ഫീസ്, സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് എന്നിവ മുന്‍കൂര്‍ അടക്കണമെന്ന സര്‍വകലാശാലാ നിലപാട് തിരുത്തണം. ഗവ. എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളില്‍ പ്രവേശം നേടുന്ന 90 ശതമാനത്തിലധികം വിദ്യാര്‍ഥികളും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിളവിന് അര്‍ഹരാണ്.
കോളജുകളിലെ പ്രവേശന സമയത്ത് ഇത്തരക്കാരില്‍ നിന്നും സര്‍ക്കാരിലേക്കുള്ള ട്യൂഷന്‍ ഫീസോ, സ്‌പെഷ്യല്‍ ഫീസോ ഈടാക്കാറില്ല. സര്‍ക്കാര്‍ നിശ്ചയിച്ച രേഖകള്‍ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഈ വര്‍ഷവും കോളജുകള്‍ നേരിട്ട് പ്രവേശനം കൊടുക്കുന്ന എല്ലാ സീറ്റുകളിലേക്കും ഇതേ രീതിയാണ് പിന്തുടരുക. പ്രവേശനത്തിന് മുന്‍കൂര്‍ ഫീസടക്കണമെന്ന സര്‍വകലാശാല നിലപാട് ഫീസിളവിന് അര്‍ഹരായ വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.
പ്രവേശന നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് ഒഴിവാക്കാനായി മൂന്ന് അലോട്ട്‌മെന്റിന് ശേഷം സര്‍വ്വകലാശാല തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ കോളജുകളെ അനുവദിക്കണമെന്നും ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും രണ്ട് തവണയായി ഫീസടക്കേണ്ടി വരുന്നതും ഏകജാലക സംവിധാനം പഴയരീതിയേക്കാള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായതിനാല്‍ ഇപ്പോഴത്തെ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Latest