ഒ ഖാലിദിന്റെ സാമീപ്യം മറക്കാതെ സലാലയിലെ സതീര്‍ഥ്യ സമൂഹം

Posted on: April 21, 2014 6:33 pm | Last updated: April 21, 2014 at 6:33 pm

O khalidസലാല: സലാലയിലെ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്ന ഒ ഖാലിദ് ഓര്‍മയായിട്ട് ഇന്നേക്ക് 19 വര്‍ഷങ്ങള്‍ പിന്നിടുന്നു. സലാലയിലെ സുന്നി പ്രവര്‍ത്തകര്‍ക്ക് ഖാലിദിന്റെ വിയോഗം ഇന്നും മനസകത്ത് നേര്‍ത്ത നൊമ്പരമണ്.

സലാല ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്ത മൂന്ന് വര്‍ഷത്തോളം പ്രാസ്ഥാനിക രംഗത്ത് സജീവ സാന്നിധ്യമായി ഖാലിദ് സാഹിബ് നിറഞ്ഞു നിന്നു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രവാസം തിരഞ്ഞെടുത്ത് സലാലയിലെത്തിയ ഖാലിദ് മികച്ച സേവന പ്രവര്‍ത്തകനും പ്രാസ്ഥാനിക മുന്നേറ്റത്തില്‍ നവജാഗരണം നല്‍കിയ ത്യാഗിയുമായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ജീവിച്ച സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുന്നു. 1995 ഏപ്രില്‍ 21 ന് സലാലയില്‍ നിന്നും നാട്ടിലേക്കുളള യാത്രക്കിടെ വാഹനാപകടത്തില്‍ പെട്ടായിരുന്നു ഖാലിദിന്റെ വിയോഗം. സലാല ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന കണ്ണൂര്‍ സ്വദേശി ത്വല്‍ഹത്ത് മാസ്റ്ററും ഖാലിദിനോടൊപ്പം നാട്ടിലേക്കുളള യാത്രയില്‍ അനുഗമിച്ചിരുന്നു. അപകടത്തില്‍ പരിക്കു പറ്റി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോഴും സലാല ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി തുടരുന്നു.

കണ്ണൂര്‍ സ്വദേശി ഇസ്മയില്‍ ഖാലിദിന്റെ കൂടെ ചിലവഴിച്ച മൂന്ന് വര്‍ഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു. സ്വന്തമായി പാന്റ്‌സ് ഇല്ലാതിരുന്ന ഒ ഖാലിദ് മറ്റൊരാളുടെ പാന്റ്‌സ് കടം വാങ്ങിയാണ് സലാല ഇന്ത്യന്‍ സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് പോയതെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്‍സൈഡ് ചെയ്തപ്പോള്‍ അരവണ്ണം ശരിയല്ലാത്തതിനാല്‍ വിഷമിച്ചുപോയ അനുഭവം ഖാലിദ് അദ്ദേഹവുമായി പങ്ക് വെച്ചിരുന്നുവത്രേ. ഖാലിദ് സമ്മാനിച്ച രാംലിംഗം പിള്ളയുടെ ഇംഗ്ലീഷ് ഡിക്ഷനറി റീ ബൈന്റ് ചെയ്ത് ഇപ്പോഴും അദ്ദേഹം ഉപയോഗിക്കുന്നു. സുഹൃദ് ബന്ധത്തെക്കാളുപരി ഖാലിദിനെ അധ്യാപകനായാണ് കാണുന്നതെന്നും ഖാലിദ് സാഹിബ് നേരിട്ടും അല്ലാതെയും നടത്തിയിരുന്ന അറബിക് ഇംഗ്ലീഷ് ക്ലാസുകളുടെ ഗുണഭോക്താവ് കൂടിയായ ഇസ്മയില്‍ പറഞ്ഞു.

സലാലയില്‍ 28 വര്‍ഷത്തോളം തോട്ടം മേഖലയില്‍ ചെയ്ത കാടാമ്പുഴ സ്വദേശി മുഹമ്മദ്ക്കയും ഖാലിദിന്റെ സ്‌നേഹവായ്പിനെക്കുറിച്ച് വാചാലമാകുന്നു. കടുത്ത ചൂടില്‍ തെങ്ങിന്‍ തൈ വെക്കാന്‍ കുഴിയെടുക്കുമ്പോള്‍ ഇടക്കിടെ കൂടെ വന്നിരുന്ന് സൗഹൃദം പങ്കിട്ട പ്രിയ സുഹൃത്തായിരുന്നു ഖാലിദ് എന്ന് അദ്ദേഹം പറഞ്ഞു. ജോലിയുടെ മുഷിപ്പു മാറ്റാനായുളള ഫലിത സംഭാഷണങ്ങള്‍ക്കൊടുവില്‍ പരലോകത്തേക്ക് വേണ്ടി ഈ സംസാരത്തിനിടെ നാമെന്ത് ബാക്കി വെച്ചുവെന്ന് ഖാലിദ് ആത്മവിമര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒഴിവുസമയങ്ങളെ കര്‍മനിരതമാക്കി സലാലയില്‍ ഖാലിദ് സാഹിബ് സാധിച്ചെടുത്ത പ്രാസ്ഥാനിക വിപ്ലവം പുതുതലമുറക്ക് പാഠമാകണമെന്നും സലാലയിലെ മുതിര്‍ന്ന സുന്നി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

ഖാലിദ് സാഹിബിനെ അനശ്വരനാക്കിയ ഓര്‍മകളിലെ ഒ ഖാലിദ് എന്ന പുസ്തകം ഓരോ സുന്നി പ്രവര്‍ത്തകരും സൂക്ഷിക്കുകയും പുനര്‍ വായന നടത്തുകയും ചെയ്യുന്നു. പുതു തലമുറ ഖാലിദിന്റെ കര്‍മസരണിയെക്കുറിച്ച് വായിച്ചറിഞ്ഞതും പ്രചോദനമുള്‍ക്കൊണ്ടതും ഈ പുസ്തകത്തിലൂടെയാണ്.
പ്രവര്‍ത്തന രംഗത്ത് ആരെയും കാത്തു നില്‍ക്കാതെ കര്‍മനിരതമായ ജീവിതം നയിച്ച ഖാലിദിന്റെ മുഖത്തെ മന്ദഹാസം സലാലയിലെ സതീര്‍ഥ്യരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല.