Connect with us

Malappuram

ബൈക്ക് മോഷണക്കേസില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

മഞ്ചേരി: കോഴിക്കോട് ബൈക്ക് മോഷണത്തിന്റെ സൂത്രധാരകര്‍ കുട്ടിക്കുറ്റവാളികള്‍. കൗമാരക്കാരുടെയും യുവാക്കളുടെയും ഇഷ്ട വിനോദമായ ബൈക്ക് സ്റ്റണ്ടിംഗിനും ആര്‍ഭാട ജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിയതെന്നാണ് മൊഴി. രണ്ട് കുട്ടിക്കുറ്റവാളികളടക്കം അഞ്ച്‌പേരെ മഞ്ചേരി എസ് ഐ സി കെ നാസറും സംഘവും മഞ്ചേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം പാലക്കപ്പള്ളിയാളി ഫവാസ് (18), വള്ളുവമ്പ്രം കക്കാടമ്മല്‍ നിധിന്‍ (21), മൊറയൂര്‍ പൂതനപ്പറമ്പ് തിരുത്തിമ്മല്‍ അബ്ദുല്‍ അസീസ് (21) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതാംക്ലാസിലും പത്തിലും പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ 12ന് രാത്രി കോഴിക്കോട് തിരുവണ്ണൂര്‍ മീഞ്ചന്ത ബൈപ്പാസില്‍ നിന്നാണ് പുതിയ ബൈക്ക് കുട്ടിക്കുറ്റവാളികള്‍ കവര്‍ന്നത്. കറുത്ത ബജാജ് പള്‍സര്‍ ബൈക്ക് കുട്ടികള്‍ നാട്ടിലെ വര്‍ക്‌ഷോപ്പിലെത്തിച്ച് ബാക്ക് വീല്‍, ടാങ്ക്, പാര്‍ട്‌സുകള്‍ അഴിച്ചുമാറ്റി ബാക്കില്‍ വീതിയുള്ള ടയര്‍ മാറ്റിയിടുകയും പഴയ ടാങ്ക് മാറ്റിവെക്കുകയും ചെയ്തു. മറ്റു പാര്‍ട്‌സുകളില്‍ സ്‌പ്രേ പെയിന്റ്അടിച്ച് ഒറ്റ നോട്ടത്തില്‍ ഉടമ പോലും തിരിച്ചറിയാത്ത വിധം രൂപമാറ്റം വരുത്തി. വീട്ടില്‍ കൊണ്ടുപോയ കുട്ടികളോട്‌ബൈക്ക് ആരുടേതാണെന്ന് രക്ഷിതാക്കള്‍ പോലും ചോദിച്ചില്ലെന്ന് ആശ്രദ്ധരായ രക്ഷിതാക്കളെ കുറിച്ച് എസ് ഐ പറഞ്ഞു. മഞ്ചേരി സില്‍സിലയില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്താന്‍ എത്തിയതായിരുന്നു പ്രതികള്‍.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തിയപ്പോള്‍ അപകടത്തില്‍ പരുക്കേറ്റ് കൃത്രിമ കാലുള്ളതിനാല്‍ ഓടാനാകാതെ പകച്ചു നിന്ന നിധിനെ പിടികൂടിയതോടെയാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികളില്‍ ഫവാസ് ഡിഗ്രി വിദ്യാര്‍ഥിയാണ്. അസീസിന്റെ പ്രതിവാര വര്‍ക്ക്‌ഷോപ്പുള്ളതിനാല്‍ അസീസും ഇന്‍ഡസ്ട്രിയല്‍ ജോലിചെയ്യുന്നു. ഒന്‍പതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ബൈക്ക് മോഷണത്തിലെ സൂത്രധാരന്‍. പിടിയിലായ എല്ലാവരും ഇടത്തരം സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. കാര്‍ വാടകക്കെടുത്ത് കറങ്ങുന്നത് ഇവരുടെ വിനോദമായിരുന്നു. അഡീഷണല്‍ എസ് ഐ രാധാകൃഷ്ണന്‍, സി പി ഒ മാരായ ശ്രീജിത്ത്, വിനീത്, സഞ്ജീവ്, അനൂപ്, സബൂര്‍ എന്നിവരും ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ബൈക്ക് കളവ് പോയത് കോഴിക്കോട് നിന്നായിനാല്‍ കേസ് പന്നിയങ്കര പോലീസിന് കൈമാറും.