Connect with us

Kozhikode

കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഉദ്ഘാടനം: നീട്ടിവെപ്പ് തുടരുന്നു

Published

|

Last Updated

കോഴിക്കോട്: നാളെ, നാളെ.. എന്ന് പറഞ്ഞ് മാവൂര്‍ റോഡിലെ കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഉദ്ഘാടനത്തിന്റെ നീട്ടിവെക്കല്‍ തുടരുന്നു. ലോക്‌സഭ ഇലക്ഷന് മുമ്പ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പറഞ്ഞ ടെര്‍മിലിന്റെ പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ഫ്‌ളോറിംഗ് പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ഇത്തവണത്തെ മഴക്ക് മുമ്പും യാത്രക്കാര്‍ക്ക് മഴ കൊള്ളാതെ ബസ് കാത്തുനില്‍ക്കാനുള്ള സംവിധാനമാകില്ല.
മൂന്ന് മാസത്തിന് ശേഷം മാത്രമേ ഉദ്ഘാടനമുണ്ടാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ലേലവും കഴിഞ്ഞിട്ടില്ല. ലേല നടപടികള്‍ ഓണ്‍ലൈനായി നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്റെ നിര്‍മാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരുടെ ബുദ്ധിമുട്ടും കടക്കെണിയില്‍ കഴിയുന്ന കെ എസ് ആര്‍ ടി സിയുടെ നഷ്ടവും വര്‍ധിപ്പിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്.
2009 എപ്രില്‍ മാസത്തില്‍ തുടങ്ങിയ നിര്‍മാണം 18 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ അന്നത്തെ നിലപാട്. 2011 ല്‍ ഓഗസ്റ്റില്‍ പത്ത് നിലയിലായി രണ്ട് ടെര്‍മിനലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം. തുടര്‍ന്ന് 2011 ഓഗസ്റ്റ് ആറിന് നിര്‍മാണം നടക്കുന്ന കെ എസ് ആര്‍ ടി സി സമുച്ചയം സന്ദര്‍ശിച്ച അന്നത്തെ ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ 2012 മാര്‍ച്ചോടെ സമുച്ചയം യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പൈലിംഗ് പ്രവൃത്തിയാവട്ടെ പതിവിലേറേ നീണ്ടു പോവുകയും ചെയ്തു. മഴക്കാലത്ത് പ്രവൃത്തി തുടരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അധികൃതര്‍ പിന്നീട് പലവട്ടം ഉരുണ്ടുകളിച്ചതോടെ പ്രവൃത്തി പിന്നെയുമേറെ വൈകി. കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ(കെ ടി ഡി എഫ് സി) ധനസഹായത്തോടെ ബി ഒ ടി അടിസ്ഥാനത്തില്‍ 52 കോടി രൂപ ചെലവിലാണ് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കുന്നത്. 2009 ഏപ്രില്‍ മൂന്നിന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പഴയകെട്ടിടം പൊളിക്കാന്‍ വൈകിയതും ടെന്‍ഡര്‍ ലഭിച്ച കമ്പനിക്കെതിരെ ടെന്‍ഡര്‍ ലഭിക്കാത്ത കമ്പനി കോടതിയെ സമീപിച്ചതും നിര്‍മാണം നീണ്ടുപോകുന്നതിന് കാരണമായി. പിന്നീട് കോടതിക്ക് പുറത്ത് കമ്പനികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എറണാകുളത്തെ കെ വി ജോസഫ് ആന്‍ഡ് സണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഒരേ സമയം 40 കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ആളെ കയറ്റാനും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ടെര്‍മിനലിനുണ്ടാകും. പത്ത് നിലകളില്‍ നാല് ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഇരട്ട ടവറുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
13 നിലകളുള്ള രണ്ട് ടവറുകളില്‍ മുഴുവന്‍ സ്ഥലവും വാണിജ്യാവശ്യത്തിനായി ലേലം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം വാടകക്ക് എടുക്കുന്നയാള്‍ക്ക് അത് ഏതുതരം വാണിജ്യാവശ്യത്തിനും ഉപയോഗിക്കാവുന്ന തരത്തിലാവും ലേലം ചെയ്യുക. ഏറ്റവും താഴത്തെ നില കെ എസ് ആര്‍ ടി സി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിട്ടുകൊടുക്കും. രണ്ടാം നിലയില്‍ ഷോപ്പിംഗ് കോംപ്ലസിലേക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ലോഡ്ജിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് ആക്ഷേപങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആ നടപടി ഉപേക്ഷിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കെ എസ് ആര്‍ ടി സി ബസുകളുടെ പാര്‍ക്കിംഗ്. ഭൂമിക്കടിയിലുള്ള രണ്ട് നിലകളില്‍ ഒന്നില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിംഗും മറ്റേതില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുന്നത്. ഷോപ്പിംഗ് മാളുകള്‍, ജീവനക്കാര്‍ക്ക് താമസ സൗകര്യം, ഓഫീസുകള്‍, സ്റ്റാര്‍ ഹോട്ടല്‍ ഏറ്റവും മുകള്‍നിലയില്‍ മൂന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ എന്നിക്കുള്ള സൗകര്യവും ടെര്‍മിനലിനുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കായി രണ്ടാം നിലയില്‍ റാംപുകളിലൂടെ വാഹന പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.
അനിശ്ചിതത്വം നിലനിന്ന ഇലക്ട്രിക്കല്‍ അഗ്നി സുരക്ഷാ ജോലികളുടെ കരാറില്‍ തീരുമാനമായെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ല. ഈ പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മിനുക്കുപണികള്‍ അടക്കമുള്ളവ ആരംഭിക്കാനാകൂ എന്നതാണ് നിലവിലെ അവസ്ഥ. ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുത്ത കരാറുകാരന്‍ കരാര്‍ പ്രകാരമുള്ള തുകക്ക് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ കാര്യങ്ങള്‍ വെട്ടിലായി. ഇതെക്കുറിച്ച് കരാറുകാരന്റെ കത്ത് കിട്ടിയിട്ടും പുതിയ ടെന്‍ഡര്‍ വിളിക്കാനോ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കാനോ കെ എസ് എഫ് ഡി സി അധികൃതര്‍ കാണിച്ച കാലതാമസമാണ് താളം തെറ്റിയ പ്രവൃത്തിയെ കൂടുതല്‍ വലിച്ചുനീട്ടാന്‍ കാരണമായത്. കൂടാതെ അഗ്നിസുരക്ഷാ ഉപകരണങ്ങളും പൈപ്പുകളും സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ കാര്യത്തിലുമുണ്ടായ കാലതാമസവും അനിശ്ചിതത്വം സമ്മാനിച്ചു.
തറക്ക് മാര്‍ദ്ദവമുണ്ടാകാന്‍ വാക്വം ഡീവേഴ്‌സ് ഫ്‌ളോറിംഗ് എന്ന നൂതന രീതി ഉപയോഗിച്ച് താഴത്തെ നിലം നിരപ്പാക്കി. വാഹനങ്ങള്‍ക്ക് ടെര്‍മിനലിലേക്ക് കയറുന്നതിനായി കെട്ടിടത്തിനു മുന്നില്‍ ഇരുവശത്തു നിന്നുമായി റാംപ് നടുവശത്തേക്ക് നിര്‍മിച്ചു കഴിഞ്ഞു. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഇഴയല്‍ തന്നെയാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest