ഗ്യാസ് ഏജന്‍സിക്കെതിരെ വ്യാപക പരാതിയുമായി ഉപഭോക്താക്കള്‍

Posted on: April 18, 2014 6:00 am | Last updated: April 17, 2014 at 10:08 pm

ചെര്‍പ്പുളശേരി: ചെര്‍പ്പുളശ്ശേരിയിലെ ഭാരത് ഗ്യാസിന്റെ ഏജന്‍സിയായ പവിത്രം ഗ്യാസ് ഏജന്‍സിക്കെതിരെ ഉപഭോക്താക്കളില്‍ പരാതിപ്രളയം.
സിലിന്‍ഡര്‍ മാറ്റുമ്പോള്‍ നല്‍കേണ്ട ബില്ലുപോലും ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ക്ക് നല്‍കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. യഥാസമയം ഗ്യാസ് ലഭിക്കാറില്ലെന്നും ഗ്യാസ് സിലിന്‍ഡര്‍ ബുക്ക് ചെയ്യുന്നതിനുള്ള നമ്പറുകള്‍ ഒഴിവാക്കി ബുക്കിംഗ് സേവനം അവസാനിപ്പിക്കാന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. പലപ്പോഴും ഗ്യാസ് ബുക്ക് ചെയ്യാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലത്രേ. ഗ്യാസ് യഥാസമയം എത്തിക്കാറുമില്ല. പാലക്കാട് ജില്ലയിലെ മലബാര്‍ മേഖലയില്‍ ഭൂരിഭാഗം ഉപഭോക്താക്കളും ഗ്യാസിന് ആശ്രയിക്കുന്നത് ചെര്‍പ്പുളശ്ശേരിയിലെ പവിത്രം ഗ്യാസ് ഏജന്‍സിയെയാണ്.
ഉപഭോക്താക്കള്‍ ബില്ല് നല്‍കാതെ കണക്കില്‍ കൃത്രിമം കാണിച്ച് പവിത്രം ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാര്‍ പണം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. കൊപ്പം, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണേങ്ങോട്, പുലാശ്ശേരി, പേങ്ങാട്ടിരി ഭാഗങ്ങളിലെല്ലാം ഗ്യാസ് വിതരണം ചെയ്യുന്നത് പവിത്രം ഗ്യാസ് ഏജന്‍സി മുഖേനയാണ്. ഈ മേഖലകളില്‍ സബ്‌സിഡി ഉടന്‍ ലഭിക്കുമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് സിലിന്‍ഡറിന്റെ മുഴുവന്‍ പണവും വാങ്ങിയ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ സബ്‌സിഡി ലഭിക്കാതിരുന്നിട്ടും പണം തിരിച്ചുനല്‍കിയില്ലെന്ന് കൊപ്പം മേഖലയിലെ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
ഗ്യാസ് യഥാസമയം ലഭിക്കാതിരിക്കുന്നതിനെക്കുറിച്ച് ഏജന്‍സി ഓഫീസില്‍ പരാതി നല്‍കിയാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഏജന്‍സി തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഗ്യാസ് ഏജന്‍സിയില്‍ ഗ്യാസ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ഐ വി ആര്‍ എസ് സംവിധാനവും കാര്‍ഡ് മിസ്ഡ് കോള്‍ സംവിധാനവും മുന്നറിയിപ്പില്ലാതെ പവിത്രം ഗ്യാസ് ഏജന്‍സി നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഗ്യാസ് ബുക്ക് ചെയ്യാന്‍ നമ്പറില്ലാതെ പലരും വലയുകയാണ്. മുമ്പുണ്ടായിരുന്ന ഗ്യാസ് ഏജന്‍സിയുടെ ബുക്കിംഗ് നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
ഗ്യാസ് യഥാസമയം ലഭിക്കാത്തതിനെക്കുറിച്ചും ബില്‍ നല്‍കാത്തതിനെക്കുറിച്ചും പണം വാങ്ങിയത് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടും ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉപഭോക്താക്കള്‍.