Connect with us

National

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍/ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ നടത്തിയ രണ്ട് കുഴിബോംബ് ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ബൈജാപൂര്‍, ബസ്താര്‍ ജില്ലകളിലാണ് ആക്രമണങ്ങളുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ പോളിംഗ് ഉദ്യോഗസ്ഥരും അഞ്ച് പേര്‍ സി ആര്‍ പി എഫ് അംഗങ്ങളുമാണ്.
ബസ്താര്‍ മേഖലയില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന് രണ്ടാമത്തെ ദിവസമാണ് നക്‌സലുകള്‍ ശക്തമായ ആക്രമണം നടത്തിയത്. ഏപ്രില്‍ 10നായിരുന്നു ഇവിടെ വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് വോട്ടിംഗ് സാമഗ്രികളുമായി ഇന്നലെ 11 മണിയോടെ തിരിച്ചുവരികയായിരുന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബൈജാപൂരിലെ കെതുല്‍നാരിലാണ് ആദ്യ ആക്രമണമുണ്ടായത്. ബസ് കെതുല്‍നാരിലെത്തിയപ്പോള്‍ നക്‌സലുകള്‍ നേരത്തെ സ്ഥാപിച്ച കുഴിബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് അഡീഷനല്‍ ഡി ജി പി( നക്‌സല്‍ ഓപറേഷന്‍) ആര്‍ കെ വിജ് പറഞ്ഞു. ഇവിടെ തമ്പടിച്ച നക്‌സലുകള്‍ തുടര്‍ന്ന് ബസിന് നേരെ തുരുതുരാ വെടിയുതിര്‍ത്തുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന ഉടനെ തൊട്ടടുത്തുള്ള സൈനിക ബേസില്‍ നിന്നും പോലീസ് സ്റ്റേഷനുകളില്‍ നിന്നും സുരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി.
പരുക്കേറ്റവരെ ഹെലികോപ്റ്ററുകളില്‍ ആശുപത്രിയിലെത്തിച്ചു. സ്‌ഫോടനത്തില്‍ നിരവധി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കും കേടുപാട് പറ്റി. വോട്ടിംഗ് യന്ത്രങ്ങള്‍ താറുമാറായ സാഹചര്യത്തില്‍ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ കുജൂര്‍ പറഞ്ഞു.
ദര്‍ബ പോലീസ് സ്റ്റേഷന് കീഴിലുള്ള കമനാര്‍ ഗ്രാമത്തിലാണ് മറ്റൊരു ആക്രമണമുണ്ടായത്. ജഗ്ദല്‍പൂര്‍ ജില്ലയിലെ ആസ്ഥാനത്തേക്ക് പോകുമ്പോള്‍ ഒമ്പത് സി ആര്‍ പി എഫ് ജവാന്മാര്‍ സഞ്ചരിച്ച ആംബുലന്‍സ് കുഴിബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണങ്ങളില്‍ നൂറോളം നക്‌സലുകളാണ് പങ്കെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബസ്താര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 52 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.