ക്യാറ്റ് ഫലത്തില്‍ തിരിമറി: കേസ് സി ബി ഐ ഏറ്റെടുത്തു

Posted on: April 10, 2014 12:24 am | Last updated: April 10, 2014 at 12:24 am

catകൊച്ചി: 2012ലെ എം ബി എ പൊതുപ്രവേശ പരീക്ഷാ(കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്- ക്യാറ്റ്) ഫലത്തില്‍ തിരിമറി നടത്തി 80 പേര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയ പരീക്ഷാ ഏജന്‍സിക്കെതിരെ സി ബി ഐ കേസെടുത്തു. ലക്‌നോവിലെ ഐഷ്ബാഗില്‍ പ്രവര്‍ത്തിക്കുന്ന വെബ് വീവേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് സി ബി ഐ കോടതിയില്‍ ഇന്നലെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ കുന്ദമംഗലം പോലീസ് അന്വേഷിച്ച കേസ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു.

കോഴിക്കോട് ഐ ഐ എമ്മിനായിരുന്നു 2012ലെ ക്യാറ്റ് പരീക്ഷയുടെ ചുമതല. ഓണ്‍ലൈനായി നടക്കുന്ന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായി ചുമതലപ്പെടുത്തിയിരുന്ന ഏജന്‍സിയാണ് വെബ് വീവേഴ്‌സ്. പരീക്ഷ നടത്തുന്നതിനും മൂല്യനിര്‍ണയം നടത്തുന്നതിനുമുള്ള ചുമതല അമേരിക്കന്‍ കമ്പനിയായ പ്രോം ടെറിക്കിനാണ്. വെബ്‌സൈറ്റില്‍ ഫലം പ്രഖ്യാപിക്കുന്നതിനുളള ചുമതല മാത്രമായിരുന്നു വെബ് വീവേഴ്‌സിന്. 2012 ഒക്ടോബര്‍ 11നും നവംബര്‍ 6നുമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലമടങ്ങിയ സി ഡി വെബ്‌സൈറ്റില്‍ ഫലം പ്രഖ്യാപിക്കുന്നതിനായി പ്രോം ടെറിക്ക് പ്രതിനിധി വെബ് വീവേഴ്‌സിന്റെ പ്രതിനിധിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് 80 പേര്‍ക്ക് തിരിമറിയിലൂടെ മാര്‍ക്ക് കൂട്ടി നല്‍കിയത്. ഗുഡ്ഗാവിലെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന് വേണ്ടിയാണ് തിരിമറി നടന്നതെന്നാണ് സൂചന. 2013 ജനുവരി 9നായിരുന്നു ഫലപ്രഖ്യാപനം.
ഫലം പ്രസിദ്ധീകരിച്ച ഘട്ടത്തിലൊന്നും ഇതിലെ കൃത്രിമം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കേന്ദ്രമന്ത്രി ശശി തരൂരിന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാറ്റിന്റെ കണ്‍വീനര്‍ നടത്തിയ പരിശോധനയിലാണ് ഫലത്തില്‍ തിരിമറി നടന്നതായി വ്യക്തമായത്. കുന്ദമംഗലം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വെബ് വീവേഴ്‌സിന്റെ ഐ ഐ എമ്മിലെ പ്രതിനിധിയായിരുന്ന അഫാക്ക് ഷെയ്ഖ് ഒളിവില്‍ പോയി.
അതേസമയം ക്യാറ്റിന്റെ അടിസ്ഥാനത്തില്‍ ഐ ഐ എമ്മുകളില്‍ നടത്തിയ പ്രവേശത്തെ ഈ തിരിമറി ബാധിച്ചില്ല. വെബ്‌സൈറ്റില്‍ വന്ന ഫലത്തിന്റെ അടിസ്ഥാനത്തിലല്ല, യഥാര്‍ഥ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഐ ഐ എമ്മുകളില്‍ പ്രവേശനം നടന്നത്. എന്നാല്‍ വെബ്‌സൈറ്റിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് കോളജുകളില്‍ തിരിമറിയിലൂടെ കൂടുതല്‍ മാര്‍ക്ക് നേടി മുന്നിലെത്തിയവര്‍ക്ക് പ്രവേശം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം വരും ദിവസങ്ങളില്‍ നടക്കും.