Connect with us

International

അഫ്ഗാന്‍ തിരഞ്ഞെടുപ്പ്: 'ആര്‍ക്കും ഭൂരിപക്ഷമുണ്ടായേക്കില്ല'

Published

|

Last Updated

കാബൂള്‍: വിജയകരമായി അവസാനിച്ച അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. എട്ട് സ്ഥാനാര്‍ഥികളില്‍ സര്‍ക്കാര്‍ രൂപവ്തകരിക്കാന്‍ ആവശ്യമായ അമ്പത് ശതമാനത്തിന്റെ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ അടുത്ത മാസം 28ന് രണ്ടാമതും തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി യൂസുഫ് നൂരിസ്ഥാനി വ്യക്തമാക്കി. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണി വരെ നടന്ന തിരഞ്ഞെടുപ്പില്‍ എഴുപത് ലക്ഷത്തിലധികം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ടെന്നും നൂരിസ്ഥാനി വ്യക്തമാക്കി.
കനത്ത മഴയെ അവഗണിച്ച് രാജ്യത്തെ 6,400 പോളിംഗ് ബൂത്തുകളിലും തിരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചതായും അമ്പത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സര്‍ക്കാറിന്റെ അധികാര കൈമാറ്റത്തിനായി അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പ് വിജയകരമായി അവസാനിച്ചതോടെ ലോക നേതാക്കള്‍ അനുമോദനങ്ങളറിയിച്ചു. താലിബാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴും കാര്യമായ പ്രശ്‌നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് അവസാനിപ്പിച്ചതില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള നേതാക്കള്‍ അഫ്ഗാന്‍ സര്‍ക്കാറിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പുകഴ്ത്തി.
അഫ്ഗാന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് ഇതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് പറഞ്ഞു. ചരിത്ര നിമിഷമെന്നാണ് നാറ്റോ മേധാവി അന്‍ഡേഴ്‌സ് ഫോഗ് റാസ്മ്യൂസന്‍ പ്രതികരിച്ചത്. അതിനിടെ, അഫ്ഗാനിലെ തിരഞ്ഞെടുപ്പ് താലിബാന്റെ പരാജയമായും വിലയിരുത്തപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിലെ കനത്ത പോളിംഗും സമാധാനപരമായി വോട്ടെടുപ്പ് അവസാനിച്ചതും ഇത് താലിബാനടക്കമുള്ള രാജ്യത്തിന്റെ ശുത്രുക്കള്‍ക്കുള്ള മറുപടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച താലിബാന്‍ വോട്ടിംഗ് തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിലെ താലിബാന്റെ ശക്തി ചോദ്യം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് കണക്കുകളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.