മലേഷ്യന്‍ വിമാനം: വീണ്ടും പ്രതീക്ഷയുടെ ‘പള്‍സ്’

Posted on: April 7, 2014 8:00 am | Last updated: April 7, 2014 at 9:40 am

download (3)

സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള പ്രതീക്ഷാ നിര്‍ഭരമായ തിരച്ചില്‍ തുടരുന്നതിനിടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് വീണ്ടും പള്‍സ് സിഗ്നല്‍ ലഭിച്ചതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന ആസ്‌തേലിയന്‍ കോഡിനേറ്റര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പള്‍സ് കണ്ടെത്തിയ ചൈനീസ് കപ്പലിന് തന്നെയാണ് രണ്ടാം തവണയും പള്‍സ് ലഭിച്ചതെന്നും ഇത് തിരച്ചിലിന് നിര്‍ണായക പങ്ക് വഹിക്കുമെന്നും ആസ്‌ത്രേലിയന്‍ വ്യോമ മേധാവി മാര്‍ഷ്വല്‍ ആങ്കസ് ഹോസ്റ്റണ്‍ പറഞ്ഞു. എന്നാല്‍, ചൈനീസ് കപ്പലിന് ലഭിച്ച സിഗ്നലുമായി ബന്ധപ്പെട്ട രേഖകള്‍ വിദഗ്ധമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ചൈനീസ് കപ്പലിന് ബ്ലാക്ക് ബോക്‌സില്‍ നിന്ന് പള്‍സ് സിഗ്നല്‍ ലഭിച്ചതോടെ രേഖകള്‍ പരിശോധിക്കുന്നതിനും അന്വേഷണത്തിനുമായി ബ്രിട്ടീഷ് നാവിക സേന കപ്പലായ എച്ച് എം എസ് എക്കോ ഇന്ത്യന്‍ സമുദ്രത്തിലെ തിരച്ചില്‍ നടക്കുന്ന ഭാഗത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കപ്പല്‍ ഇന്ന് തത്സ്ഥാനത്തെത്തുമെന്നാണ് അറിയുന്നത്. ബ്രിട്ടീഷ് സംഘത്തോടൊപ്പം ആസ്‌ത്രേലിയന്‍ കപ്പലും യാത്ര തിരിച്ചിട്ടുണ്ട്. ഭൂഗര്‍ഭ വാഹിനികള്‍ കണ്ടെത്തിയ സിഗ്നല്‍ വിമാനത്തിന്റേത് തന്നെയാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഉപകരണങ്ങള്‍ ഇരു കപ്പലുകളിലും ഉണ്ട്.
ബ്ലാക്ക് ബോക്‌സിന്റെ സിഗ്നല്‍ തരംഗമായി കണക്കാക്കുന്ന 37.5 കിലോ ഹെര്‍ട്‌സ് സ്പന്ദനം ശനിയാഴ്ചയാണ് ചൈനീസ് കപ്പലിന് ലഭിച്ചത്. കഴിഞ്ഞ മാസം എട്ടിന് മലേഷ്യക്കും ചൈനക്കും ഇടയിലെ വ്യോമ പരിധിയില്‍ നിന്നും കാണാതായ വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്ന് വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വിവിധ രാജ്യങ്ങളുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തുകയെന്ന ഏറെ വിഷമകരമായ ദൗത്യമാണ് ഇപ്പോള്‍ നടത്തുന്നത്.
239 യാത്രക്കാരുമായി സഞ്ചരിച്ച വിമാനത്തിനായി ഒമ്പത് കപ്പലുകളും 14 വിമാനങ്ങളും ഇന്ത്യന്‍ സമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.