Ongoing News
മാനസികരോഗികളായ തടവുകാരെ വിട്ടയക്കണമെന്ന് ശിപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ മനോരോഗാശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തടവുകാരെ വിട്ടയക്കണമെന്ന് ജയില്‍ ഡി ജി പി ടി പി സെന്‍കുമാര്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. കേരളത്തിലെ മാനസികാരോഗ്യാശുപത്രികളില്‍ 88 തടവുകാര്‍ കഴിയുന്നുണ്ടെന്നാണ് ജയില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 33 വര്‍ഷമായി വിചാരണ പോലും പൂര്‍ത്തിയാക്കാത്തവരും ഇതിലുള്‍പ്പെടും. മനോരോഗാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തടവുകാരെക്കുറിച്ച് ആദ്യമായാണ് ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. വിചാരണപോലും പൂര്‍ത്തിയാക്കാതെ 1977 മുതല്‍ ചികിത്സയില്‍ കഴിയുന്ന തടവുകാരുണ്ട്. വിചാരണപോലും നേരിടാന്‍ കഴിയാതെ രോഗം മൂര്‍ച്ഛിച്ചവരുണ്ട്. രോഗം ഭേദമായ ശേഷം ജാമ്യത്തിലിറക്കാന്‍ പോലും ബന്ധുക്കള്‍ തയ്യാറാകാത്തവരുമുണ്ട്. ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിച്ചാല്‍ പോലും പുറത്തിറങ്ങാനുള്ള കാലയളവ് കഴിഞ്ഞിട്ടും പലരും ഇപ്പോഴും ആശുപത്രിയിലാണ്.
ജയിലിനുള്ളില്‍ കഴിയുന്ന മാനസികരോഗികളായ തടവുകാരുടെ എണ്ണം ഇതിലേറെയാണ്. മാനസിഗാരോഗ്യാശുപത്രികളില്‍ രോഗികള്‍ തമ്മിലുള്ള ഏറ്റമുട്ടലില്‍ മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മിക്ക സംഭവങ്ങളിലും റിമാന്‍ഡ് പ്രതികളായ രോഗികളാണ് പ്രതികളാകുന്നത്. ഇത്തരം സാഹചര്യം കൂടി പരിഗണിച്ചാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രോഗം ഭേദമായിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാത്ത തടവുകാരുടെ സുരക്ഷ ഉറപ്പാക്കണം. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധചികിത്സ നല്‍കണം. ഇതിനായുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


