സംസ്ഥാനത്തേക്ക് മാറ്റി ഇഷ്ടക്കാരെ നിയമിക്കുന്നു

Posted on: April 5, 2014 12:34 am | Last updated: April 5, 2014 at 12:34 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ തസ്തിക സംസ്ഥാന സര്‍ക്കാറിന്റെ സ്ഥാപനത്തിലേക്ക് മാറ്റി ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കിയത് വിവാദമാകുന്നു. അടുത്തിടെ കേന്ദ്രം ഏറ്റെടുത്ത സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മൂന്ന് തസ്തികളാണ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേക്ക് മാറ്റി നിയമനം നടത്തിയതെന്ന പരാതിയുയരുന്നത്.

മുഖ്യമന്ത്രിയുടെ വകുപ്പായ ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരനും കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യക്കും നിയമനം നല്‍കിയത് ഈ വര്‍ഷം ജനുവരി ഒന്നിനാണ്. 34 വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായിരുന്ന ഭൗമ ശാസ്ത്ര പഠന കേന്ദ്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത.് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ഷൈലേഷ് നായിക്കും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി എന്‍ രാജശേഖരന്‍ പിള്ളയുമാണ് കരാറില്‍ ഒപ്പിട്ടത്. ഇതോടെ സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനായി. ഇതിനുശേഷം മാര്‍ച്ച് നാലിനാണ് പ്യൂണ്‍-ഹെല്‍പ്പര്‍ തസ്തികയിലെ മൂന്ന് തസ്തികകള്‍ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആസ്ഥാനത്തേക്ക് മാറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി എന്‍ രാജശേഖര പിള്ള ഉത്തരവിറക്കിയത്. സ്വന്തക്കാരെ നിയമിക്കാനായിരുന്നു ഇതെന്ന് പിന്നീടുളള നടപടികള്‍ വ്യക്തമാക്കുന്നു. കൗണ്‍സിലില്‍ ഒഴിവ് ഉണ്ടായിരുന്ന രണ്ട് പ്യുണ്‍, ഹെല്‍പ്പര്‍ തസ്തികകള്‍ക്ക്് ഒപ്പം മാറ്റിയ മൂന്ന് തസ്തികകളും ചേര്‍ത്ത് അഞ്ച് നിയമനങ്ങള്‍ നടത്തി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആസ്ഥാനത്തെ താത്കാലിക ജീവനക്കാരായ പ്രസന്നകുമാര്‍, സെലിന്‍, ആര്‍ സാവിത്രി, സുമ എ ആര്‍, ജോഷി കെ വര്‍ഗീസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇതില്‍ ജോഷി കെ വര്‍ഗീസ് മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിക്കാരനും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമാണ്്്. സുമ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ ഭാര്യയുമാണ്. തസ്തിക സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക്് മാറ്റുന്നത് നിയമ വിരുദ്ധമാണെന്നാണ് സര്‍വീസ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.