Connect with us

Ongoing News

പുകയില നിയന്ത്രണം പ്രകടന പത്രികക്ക് പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: വാഗ്ദാനങ്ങളുടെ പെരുമഴ തുടരുമ്പോഴും പ്രധാന രാഷ്ട്രീയ കക്ഷികള്‍ക്കാര്‍ക്കും രാജ്യത്തെ പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായ പുകയില ഉപയോഗത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രകടന പത്രികയിലും പുകയില ഉത്പന്നങ്ങള്‍ തുടച്ചുനീക്കുന്നതു സബംന്ധിച്ച് ഒന്നും പറയുന്നില്ല.
പുകയില ഉപയോഗം ആരോഗ്യപ്രശ്‌നം എന്നതിലുപരി സാമൂഹിക അനീതിയാണ്. ഇതിനെതിരെ മുദ്രാവാക്യമുയര്‍ത്താന്‍ സ്ഥാനാര്‍ഥികളാരും തന്നെ തയ്യാറാകാത്തത് അത്ഭുതമുളവാക്കുന്നതാണെന്ന് മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ഡി ശ്രീദേവി പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നതു പോലുള്ള സാമ്പത്തിക നീക്കങ്ങള്‍ അത്യാവശ്യമാണ്. കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 278 പ്രകാരവും ഇത് ശിക്ഷാര്‍ഹമാണ്. രാഷ്ട്രീയ കക്ഷികളും ഭരണത്തിലുള്ളവരും ഇത് കര്‍ശനമായി നടപ്പാക്കുന്നതിന് ശക്തമായ നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം പേരുടെ മരണത്തിന് പുകയില കാരണമാകുന്നുണ്ട്. പുകയില മൂലമുള്ള അര്‍ബുദം പുരുഷന്മാരില്‍ 40 ശതമാനവും സ്ത്രീകളില്‍ 15 മുതല്‍ 20 വരെ ശതമാനവുമാണ്. തടയാനാകുന്ന ഈ പൊതുജനാരോഗ്യ പ്രശ്‌നത്തെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഗൗരവമായി സമീപിക്കുന്നില്ലെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റും ആര്‍ സി സി സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണന്‍ നായര്‍ പറഞ്ഞു. പുകയില നിയന്ത്രണത്തിനു ചട്ടക്കൂട് തയ്യാറാക്കുന്നതിന് ലോകാരോഗ്യ സംഘടന നടത്തിയ കണ്‍വെന്‍ഷന് (എഫ് സി ടി സി) ഇന്ത്യ സമ്മതമറിയിച്ച 2004നു ശേഷം പോലും ഒരു പാര്‍ട്ടിയും ഈ ആരോഗ്യ ദുരന്തത്തിനെതിരെ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest