Connect with us

National

സുബ്രതാ റോയിക്കെതിരെ അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് പാലിക്കാതിരുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരെ സുപ്രീം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. റോയിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാക്കാനും സുപ്രീം കോടതി പോലീസിന് ഉത്തരവ് നല്‍കി.
ഇന്നലെ കോടതിയില്‍ ഹാജരാകാന്‍ ഫെബ്രുവരി 20ന് ഉത്തരവ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന റോയിയുടെ ആവശ്യം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. 95കാരിയായ മാതാവ് രോഗശയ്യയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റോയിയുടെ അപേക്ഷ.
സഹാറ റിയല്‍ എസ്റ്റേറ്റ്, സഹാറ ഹൗസിംഗ് എന്നിവയുടെ ഡയറക്ടര്‍മാരായ റോയി, ശങ്കര്‍ ദുബെ, അശോക് റോയ് ചൗധരി, വന്ദനാ ഭാര്‍ഗവ എന്നിവരോട് ഇന്നലെ ഹാജരാകാന്‍ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധമായി മൂന്ന് കോടിയിലേറെ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം തിരിച്ചു നല്‍കാന്‍ 24,000 കോടി രൂപ സെബിയെ ഏല്‍പ്പിക്കാനുള്ള 2012 ആഗസ്ത് 31ലെ ഉത്തരവ് പാലിക്കാതിരുന്നതിനാണ് ഇപ്പോഴത്തെ നടപടി.
ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ജെ എസ് ഖെഹര്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനിയാണ് റോയിക്ക് വേണ്ടി ഹാജരായത്. റോയി ഒഴികെ മറ്റെല്ലാ ഡയറക്ടര്‍മാരും ആവശ്യപ്പെട്ട ദിവസം തന്നെ കോടതിയില്‍ ഹാജരാകുമെന്നും ജഠ്മലാനി അറിയിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഒരു കാരണവശാലും മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കോടതി ഉറച്ച് നില്‍ക്കുകയായിരുന്നുവെന്ന് ജഠ്മലാനി പറഞ്ഞു. “രാജ്യത്തെ നിയമവാഴ്ച പരിപാലിക്കപ്പെടണമെന്ന്” ബഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവുകള്‍ കര്‍ശനമായും പൂര്‍ണമായും പാലിക്കപ്പെടുമെന്ന് ജഠ്മലാനി കോടതിക്ക് ഉറപ്പ് നല്‍കി. ” വ്യാഴാഴ്ച നിങ്ങളുടെ സമീപനം എന്തെന്ന് ഞങ്ങള്‍ കാണട്ടെ, എന്നിട്ട് പരിഗണിക്കും” – സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

Latest