Connect with us

Wayanad

ഹൈടെക് മണ്ണ് പരിശോധനാ ലബോറട്ടറി ആരംഭിച്ചു; ഉത്പാദനക്ഷമതക്ക് സഹായകമാകും

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കല്‍പ്പറ്റയില്‍ സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് മണ്ണു പരിശോധനാ ലബോറട്ടറിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ നിര്‍വ്വഹിച്ചു. ഒരു കോടി ആറ് ലക്ഷം രൂപ ചെലവിലാണ് ലബോറട്ടറി ഒരുക്കിയിട്ടുള്ളത്. ഇതില്‍ 33 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനും ഒരു കോടി മൂന്ന് ലക്ഷം രൂപ സാങ്കേതിക സൗകര്യങ്ങള്‍ക്കുമായാണ് വിനിയോഗിച്ചിട്ടുള്ളത്. കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെ എ ബ്ലോക്കിലാണ് ഇത് പ്രവര്‍ത്തിക്കുക.
മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ അളവു നിശ്ചയിക്കുന്നതുമുതല്‍ കീടനാശിനികളുടെ അവശിഷ്ട പരിശോധനകള്‍ക്കുവരെയുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടാവും. മണ്ണിന്റെ രാസ-ഭൗതിക സ്വഭാവങ്ങള്‍ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത് കുറവുകള്‍ പരിഹരിക്കാന്‍ കര്‍ഷകരെ സഹായിച്ച് സ്ഥായിയായ ഉത്പാദനക്ഷമത ഉറപ്പു വരുത്താന്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനംകൊണ്ടാവും.
ശാസ്ത്രീയമായ കൃഷിക്ക് ആധുനിക ഭൗതിക സൗകര്യങ്ങള്‍ ആവശ്യമാണ്. ഇത് കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഹൈടെക് ലബോറട്ടറി എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. കൃഷിയെക്കുറിച്ചുള്ള അറിവുകള്‍ കുറഞ്ഞുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ പലവിധ നടപടികളാല്‍ മണ്ണിന്റെ പോഷകമൂല്യം കുറഞ്ഞുവരുന്നു. ഈ കുറവുകളെ ഏറ്റവും സൂക്ഷ്മമായി ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുമ്പോഴെ ഉത്പാദനസ്ഥിരത കൈവരിക്കാനാവൂ. ഉത്പാദനത്തിനൊപ്പം കാര്‍ഷികവൃത്തിയുടെ മറ്റ് രണ്ട് സുപ്രധാന ഘടകങ്ങളായ സംസ്‌കരണത്തിനും വിപണനത്തിനും കൂടി സര്‍ക്കാര്‍ മുന്തിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ സൗകര്യങ്ങളുള്ള സംഭരണ-സംസ്‌കരണ-വിപണന സംവിധാനങ്ങള്‍ താലൂക്ക്തലത്തില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്കുള്ള മണ്ണുജല സംരക്ഷണ പദ്ധതിയുടെ ആനുകൂല്യ വിതരണവും ലബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനവും എം.ഐ.ഷാനവാസ് എം.പി. നിര്‍വ്വഹിച്ചു. മുട്ടില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വ്വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ നെല്‍വയലുകളുടെ സ്ഥിതിവിവര റിപ്പോര്‍ട്ടിന്റെ പ്രകാശനവും അദ്ദേഹം നടത്തി. റിപ്പോര്‍ട്ട് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് റോസിലി തോമസ് ഏറ്റുവാങ്ങി.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 8.32 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 4.8 കോടിയും വയനാട് ജില്ലയ്ക്കാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തും എന്നാണ് പ്രതീക്ഷ.
മണ്ണുപര്യവേക്ഷണ-സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.എന്‍. പ്രേമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, കോഴിക്കോട് പി.പി.റ്റി.ജി. ടീം ലീഡര്‍ എം.അരുണഗിരി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മോഹനന്‍, കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ കെ.പ്രകാശന്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.