Connect with us

Wayanad

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും 17ന്

Published

|

Last Updated

കല്‍പ്പറ്റ:ജനകീയ അവകാശങ്ങള്‍ക്കായി ഒരുമയോടെ” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 17ന് അഖിലേന്ത്യാ തലത്തില്‍ പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത വിസ്മരിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. സമാധാനഭരിതവും ഐശ്വര്യപൂര്‍ണവുമായ ഇന്ത്യയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പിന്നാക്ക പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുകയെന്നത് പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമ്പത്തികം, അടിസ്ഥാന സൗകര്യം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കി സാമൂഹിക പുരോഗതിക്കും രാജ്യ നിര്‍മാണത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തി വരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
17ന് വൈകീട്ട് 4.30ന് കല്‍പ്പറ്റ സലഫി പള്ളി പരിസരത്ത് നിന്നും യൂനിറ്റി മാര്‍ച്ചും റാലിയും ആരംഭിച്ച് സര്‍ക്കാര്‍ ആശുപത്രി പരിസരത്തു നിന്നും തിരിച്ച് വിജയ പമ്പിലെ സമ്മേളന നഗരിയില്‍ സമാപിക്കും. പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ് അധ്യക്ഷത വഹിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം എം അബ്ദുസമദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ സെക്രട്ടറി എം വി അബ്ദുല്‍റഷീദ് പ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, ജില്ലാ സെക്രട്ടറി കെ പി അഷറഫ്, ജില്ലാ പി.ആര്‍.ഒ. മുഹമ്മദ് ആസിഫ്, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി അബൂബക്കര്‍ താന്നിക്കാടന്‍ പങ്കെടുത്തു.