Connect with us

Kannur

വി എസിനെ വിമര്‍ശിച്ച് ഫഌക്‌സ് ബോര്‍ഡ്‌

Published

|

Last Updated

പയ്യന്നൂര്‍: സി പി എമ്മിന്റെ ജില്ലയിലെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് ഫഌക്‌സ് ബോര്‍ഡ്. എടാട്ട് പയ്യന്നൂര്‍ കോളജിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ റോഡരികിലായാണ് ഇന്നലെ രാവിലെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മലയെ കല്ലെറിഞ്ഞിട്ട് കാര്യമില്ലെന്ന തലക്കെട്ടോടെ കമ്യൂണിസ്റ്റ് പതാക കൊത്തിവലിക്കുന്ന കഴുകന്റെ ചിത്രമാണ് ഫഌക്‌സ് ബോര്‍ഡിലുള്ളത്. കഴുകന്റെ വാല്‍ഭാഗത്തിനു കോണ്‍ഗ്രസ് പതാകയുടേതിനു സമാനമായ നിറമാണ്. ചിറകില്‍ വിവിധ ചാനലുകളുടെ ലോഗോയും പതിച്ചിട്ടുണ്ട്.
ടി പി വധക്കേസുമായി ബന്ധപ്പെട്ട് അച്യുതനാന്ദന്‍ ആഭ്യന്തര വകുപ്പിനു കത്തയച്ചതിനോടുള്ള വിമര്‍ശനമാണ് ബോര്‍ഡ്. “പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ നാലണയുടെ വിലയില്ലാത്ത ഒരു കത്തയച്ചിട്ട് ഊറിച്ചിരിച്ചു കൊണ്ട,് എനിക്കുശഷം പ്രളയം എന്നു കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ…. ഞങ്ങള്‍ക്ക് ജീവനെക്കാള്‍ വലുതാണ് പാര്‍ട്ടി… ഏത് പ്രളയത്തേയും ഏത് മഹാമാരിയേയും ഏത് ഭൂകമ്പത്തേയും തടഞ്ഞു നിര്‍ത്താനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട.് മനസിലാക്കിയാല്‍ നല്ലത്.” എന്നീ വാചകങ്ങളാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

Latest