Connect with us

Wayanad

സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: ഡോ. ഖമറുന്നിസ അന്‍വര്‍

Published

|

Last Updated

കല്‍പ്പറ്റ: സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷ ഡോ. ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.
സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഢന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.പീഢനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് ജയിലുകളില്‍ സുഖ സൗകര്യങ്ങള്‍ ലഭ്യമാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സൗമ്യ വധക്കേസ് പരാമര്‍ശിച്ച് അവര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നാടുകളിലും മറ്റും നടപ്പാക്കുന്ന രീതിയില്‍ കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമെ കുറ്റവാളികള്‍ നിയമത്തെയും നീതി നിര്‍വ്വഹണ സംവിധാനങ്ങളെയും ഭയപ്പെടുകയുള്ളുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ പറഞ്ഞു.
സ്ത്രീ പീഢനക്കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷാ വിധിയും നടപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയണമെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.ഗാര്‍ഹിക പീഢന നിയമം 1961ല്‍ നടപ്പില്‍ വന്നിട്ടും ഇന്നും പല സ്ത്രീകളും പീഢനത്തിനിരയാകുന്നത് ആധുനിക സമൂഹത്തിന് നാണക്കേടാണ്. പീഢന വിവരം പുറത്ത് പറയാന്‍ സ്ത്രീകള്‍ മടിക്കുന്നതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും ഇതിന് കാരണമാണ്. സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് ശക്തമായ നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഉഷാകുമാരി, മോണിറ്ററിംഗ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ റസീന അബൂബക്കര്‍, ഡി.വൈ.എസ്.പി വി.യു.കുര്യാക്കോസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.സുന്ദരി, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ്, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ.ബിജോയ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.വി.ഷീജ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ ക്ഷേമ ബോര്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ പി.എന്‍. പത്മകുമാര്‍ സ്വാഗതം പറഞ്ഞു.അഡ്വ. ആതിര ക്ലാസ്സെടുത്തു.

Latest