ഉമ്മു സുഖീം റോഡ് നവീകരണം: ഒന്നാം ഘട്ടം പൂര്‍ത്തിയായി

Posted on: December 29, 2013 11:27 pm | Last updated: December 29, 2013 at 11:27 pm

dubai roadദുബൈ: വികസിപ്പിച്ച ഉമ്മു സുഖീം റോഡിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്നലെ നടന്നതായി ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ ഖൈല്‍ റോഡില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള ഭാഗമാണ് പൂര്‍ത്തിയായത്. എതിര്‍ദിശയിലേക്കുള്ള ഭാഗം 2014 ജനുവരി ഏഴിന് ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ മൂന്ന് നടപ്പാലങ്ങള്‍ ഉള്‍പ്പെടും. അല്‍ഖൂസില്‍ നിന്ന് ബര്‍ശയിലേക്കും തിരിച്ചുമാണ് നടപ്പാലങ്ങള്‍.
ഓരോ ദിശയിലേക്കും മൂന്ന് വരികളുള്ള രണ്ട് പാലങ്ങളും പദ്ധതിയിലുണ്ട്. കിഴക്കന്‍ സമാന്തര റോഡായ അസായില്‍ റോഡിലാണ് ഒരെണ്ണം. പടിഞ്ഞാറന്‍ സമാന്തര റോഡായ അല്‍ ഖൈല്‍ റോഡ് ഒന്നിലാണ് മറ്റൊരു പാലം. ഇരു റോഡുകളിലും സിഗ്നല്‍ ജംഗ്ഷനുകളുണ്ട്.
അല്‍ ഖൈല്‍ റോഡ് ഇന്റര്‍ചേഞ്ച്, അറേബ്യന്‍ റാഞ്ചസ് എന്നിവ വഴി ശൈഖ് സായിദ് റോഡില്‍ നിന്ന് ഖുദ്‌റ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നീ റോഡുകളിലേക്ക് ഗതാഗതം സുഗമമാകും. ജുമൈറയിലേക്കും ഗതാഗതം എളുപ്പമാകും. ബര്‍ശ, അല്‍ഖൂസ് മേഖലയിലെ വാണിജ്യ കേന്ദ്രങ്ങള്‍ക്കും വികസനത്തിന്റെ നേട്ടം കൈവരും. അഴുക്ക്ചാലോടുകൂടിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
192.5 കോടി ദിര്‍ഹമാണ് ചെലവ്. നാല് ഘട്ടങ്ങളിലായാണ് നിര്‍മാണം. ബിസിനസ് ബേ ക്രോസിംഗിന്റെ വികസനത്തോടെയാണ് നവീകരണം പൂര്‍ത്തിയാവുക. ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, അല്‍ ഖൈല്‍ റോഡുകളില്‍ രണ്ട് ഇന്റര്‍ചേഞ്ചുകള്‍ പുതുതായി വരും.
2011 സെപ്തംബറില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വീതി കൂട്ടിയതോടെയാണ് നവീകരണം തുടങ്ങിയത്. 2014 ഓഗസ്റ്റ് അവസാനത്തില്‍ ദുബൈ മുതല്‍ അല്‍ ഖൈല്‍ വരെയും അല്‍ ഖൈല്‍ മുതല്‍ അബുദാബി അതിര്‍ത്തി വരെയും റോഡ് പൂര്‍ണമായും വികസിപ്പിക്കും. കഴിഞ്ഞ നവംബറില്‍ 76.2 കോടി ദിര്‍ഹം ചെലവ് ചെയ്ത് പുതിയ രണ്ട് ഫ്‌ളൈ ഓവര്‍ അടക്കം റോഡ് നവീകരണം നടത്തിയിരുന്നുവെന്നും മത്താര്‍ അല്‍ തായര്‍ അറിയിച്ചു.