സ്‌കൂള്‍ കലോത്സവം: കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തേണ്ടിവരും

Posted on: December 29, 2013 4:18 am | Last updated: December 29, 2013 at 4:18 am

ksrtc-bus-service-to-punalur-via-tenmalaപാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട് തിരക്കിട്ട് ഒരുങ്ങുമ്പോഴും യാത്രയുടെ കാര്യത്തില്‍ ആശങ്ക ബാക്കി.
കലോത്സവത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കമ്മിറ്റി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. തെക്കന്‍ ജില്ലകളിലേക്ക് രാത്രിസമയങ്ങളിലുള്ള കെ എസ ്ആര്‍ടി സി ബസിന്റെ കുറവാണ് പ്രധാന പ്രശ്‌നം. ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്മിറ്റി ഇത് വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും എം എല്‍ എമാരേയും ധരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ രാത്രി 8.30 കഴിഞ്ഞാല്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്ക് ബസുകള്‍ കുറവാണ്. അപൂര്‍വമായി മാത്രമാണ് തൃശൂരിലേക്കും എറണാകുളത്തേക്കും ബസുകളുള്ളത്. അതുതന്നെ സ്ഥിരസര്‍വീസുമല്ല. ബസുകള്‍ പലതും കട്ടപ്പുറത്തുമാണ്.
ജനുവരി 19 മുതല്‍ 25വരെ നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നെ ആയിരക്കണക്കിന് കുട്ടികളാണ് എത്തുക. അധ്യാപകരും രക്ഷിതാക്കളും പരിശീലകരുമായി ആയിരങ്ങള്‍ വേറേയും. സംസ്ഥാനത്തിന്റെ നാലതിരില്‍ നിന്നും പ്രേക്ഷകര്‍ എത്തിച്ചേരുന്ന ഏക കലോത്സവവും ഇതുതന്നെ. പാലക്കാട് ജില്ലയില്‍ നിന്നുള്ള കാണികളുടെ പ്രവാഹം വേറേയും. ഇങ്ങനെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഒരാഴ്ചക്കാലം രാപ്പകലില്ലാതെ പാലക്കാട് നഗരത്തില്‍ എത്തിപ്പെടാനുള്ള ഗതാഗത സൗകര്യമൊരുക്കേണ്ട ഭാരം ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്മിറ്റിയുടെ ചുമലിലാണ്.
തെക്കന്‍ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് ട്രെയിന്‍ സൗകര്യമുണ്ടെങ്കില്‍ കൂടി നല്ലൊരു വിഭാഗം കുട്ടികള്‍ ബസിനെ ആശ്രയിക്കുന്നവരുണ്ടാവും. അതുകൊണ്ടുതന്നെ ബസ് സര്‍വീസ് സദാസമയവും അവശ്യസര്‍വീസായി വേണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.
കലോത്സവ നഗരിയില്‍തന്നെ മത്സരാര്‍ഥികള്‍ക്കും മറ്റുമായി 30 സ്‌കൂള്‍ ബസുകള്‍ കമ്മിറ്റി ഏര്‍പ്പാടാക്കുന്നുണ്ട്. രാവിലെ താമസ സ്ഥലത്തുനിന്ന് വിക്ടോറിയ കോളജിലെ ഭക്ഷണശാല വഴി ഈ ബസുകള്‍ ഓരോ സ്റ്റേജിനരികിലും എത്തും. നഗരത്തിലെ ലൈന്‍ ബസുകള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കലോത്സവ ചാര്‍ട്ടുകള്‍ നല്‍കും. ഇതില്‍ സ്റ്റേജുകളുടെയും മത്സരങ്ങളുടെയും സമയവും തീയതിയും സ്റ്റേജ് മാനേജര്‍മാരുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തും.
ഡ്രൈവര്‍മാര്‍ക്ക് ആശയകുഴപ്പമുണ്ടാകാതിരിക്കാനാണിത്. അമിത ചാര്‍ജ് വാങ്ങരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ലൈന്‍ബസുകള്‍ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്താന്‍ ബസ് അസോസിയേഷനുകളുമായി ചര്‍ച്ച നടക്കുകയാണ്.
ആര്‍ ടിഒ, ജില്ലാ പോലീസ് സൂപ്രണ്ട്, സ്‌കൂള്‍ പിടിഎ പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവരുള്‍പ്പെട്ട സമിതി ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ 30ന് വീണ്ടും യോഗം ചേരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കണ്‍വീനര്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു