കോംട്രസ്റ്റ് കണ്ണാശുപത്രി 15-ാം വാര്‍ഷികാഘോഷം നാളെ

Posted on: December 27, 2013 12:44 pm | Last updated: December 27, 2013 at 12:46 pm

കോഴിക്കോട്: നേത്ര ചികിത്സാരംഗത്ത് പതിനഞ്ച് വര്‍ഷം പൂര്‍ത്തികരിക്കുന്ന കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രി ആഘോഷ പരിപാടികള്‍ ഈ മാസം 28ന് വൈകുന്നേരം നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി, എ പ്രദീപ്കുമാര്‍ എം എല്‍ എ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ കെ എസ് നമ്പ്യാര്‍ പറഞ്ഞു. ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ആശുപത്രി ചെയര്‍മാന്‍ കെ കെ എസ് നമ്പ്യാരെ ആദരിക്കും. 15 വര്‍ഷം കൊണ്ട് 343 പേര്‍ക്ക് ആശുപത്രിയില്‍ കണ്ണുമാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നടത്തി. കോംട്രസ്റ്റ് കണ്ണാശുപത്രി 1800ലധികം സൗജന്യ നേത്ര ചികിത്സ ക്യാമ്പുകളും അരലക്ഷം സൗജന്യ ശസ്ത്രക്രിയകളും നടത്തി. ലാസിക് ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ഷികാഘോഷ ഭാഗമായി ജനുവരി 26ന് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ 1000 സൗജന്യ തിമിര ശസ്ത്രക്രിയ ലക്ഷ്യം വെച്ച് മെഗാ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. മാനേജിംഗ് ട്രസ്റ്റി എം ജി ഗോപിനാഥ്, ടി ഒ രാമചന്ദ്രന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് പുത്തലത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.