രാജ്യത്തെ ആദ്യ സമ്പൂര്‍ണ ദഅ്‌വാ കോണ്‍ഫറന്‍സിന് മര്‍കസ് ഗാര്‍ഡന്‍ വേദിയാകുന്നു

Posted on: December 25, 2013 12:40 am | Last updated: December 24, 2013 at 11:40 pm

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദഅ്‌വാ കോണ്‍ഫറന്‍സിന് ജനുവരി 1,2,3 തീയതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസ് വേദിയാകുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നും മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരത്തിലധികം സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന ദഅ്‌വാ ക്യാമ്പ് ദഅ്‌വയുടെ തത്വവും രീതിശാസ്ത്രവും ചര്‍ച്ച ചെയ്യുന്നതോടൊപ്പം കേരളത്തിന് പുറത്തുള്ള വ്യത്യസ്ത ദഅ്‌വാ മേഖലകളും പ്രായോഗിക ദഅ്‌വയും പ്രത്യേകം ചര്‍ച്ച ചെയ്യും.
ദഅ്‌വയുടെ ചരിത്രം, സിദ്ധാന്തം, പ്രയോഗം, പോരായ്മകളും അതിജീവനവും, ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സെഷനുകളില്‍ കേരളത്തില്‍ നിന്നുള്ള പ്രഗത്ഭ പണ്ഡിതരുടെ വിഷയാവതരണങ്ങള്‍ക്കു പുറമെ യമന്‍, സഊദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, കനഡ, സൗത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ഫിജി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതരും പ്രബന്ധങ്ങളവതരിപ്പിക്കും. ഓരോ സെഷനിലും പ്രത്യേക ചര്‍ച്ചകളും ചോദ്യോത്തരങ്ങളും സംവിധാനിച്ചിട്ടുള്ള ദഅ്‌വാ കോണ്‍ഫറന്‍സില്‍ കേരളത്തിലെ പ്രഗത്ഭരായ ദാഇകളുടെ അനുഭവം പങ്കുവെക്കാനുള്ള പ്രത്യേക സെഷനുമുണ്ടാകും. കൂടാതെ, പാരമ്പര്യ മുസ്‌ലിം കലാപ്രകടനങ്ങളുടെ അവതരണവും നടക്കും.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ദേശീയ പ്രബന്ധ രചനാ മത്സരം, അഖില കേരള ടാലന്റ് ടെസ്റ്റ്, മതപ്രഭാഷണങ്ങള്‍, എമിനന്‍സ് ആന്‍ഡ് ലീഡേഴ്‌സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും നടക്കും. ദഅ്‌വാ പ്രവര്‍ത്തകര്‍ക്കും തല്‍പരര്‍ക്കും പങ്കെടുക്കാവുന്ന ക്യാമ്പില്‍ www.mgsmindia.com എന്ന സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക:് 9946569571