Connect with us

Gulf

മരിച്ചവര്‍ക്കൊപ്പം ജീവിച്ച ഹാജിക്കയും മരണത്തിലേക്ക്

Published

|

Last Updated

untitledദോഹ: ദീര്‍ഘകാല പ്രവാസിയും കറ കളഞ്ഞ സാമൂഹ്യസേവകനുമായിരുന്ന തൃശൂര്‍ ചക്കം കണ്ടം അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നിര്യാണം സത്യത്തില്‍ ഖത്തറിലെ നാനാജാതിമതസ്ഥരില്‍ പെട്ട പ്രവാസികള്‍ക്കു കനത്ത ആഘാതവും ദുഖവുമാണ് സമ്മാനിച്ചത്‌. ഖത്തര്‍ മലയാളികളുടെ മനസ്സില്‍ സേവനം കൊണ്ട് ഇടം നേടിയ അപൂര്‍വ്വ വ്യക്തിയായിരുന്നു ഹാജി. മലയാളികള്‍ക്ക് ഹാജിക്കയെന്നാല്‍ നിഷ്കളങ്ക സേവകനും  മയ്യിത്ത് പരിപാലകനുമായിരുന്നു.തന്‍റെ പ്രായമോ ജീവിതാവസ്ഥകളോ വിള്ളല്‍ വീഴ്ത്താത്ത സേവന പ്രതിബദ്ധത കൊണ്ട് മാത്രം ഇപ്പോഴും ഹാജിക്ക പ്രവാസി മനസ്സുകളില്‍ മരിക്കാതെ ജീവിക്കുന്നു.

നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ ജോലി തേടിയ എത്തിയ അദ്ദേഹം ഇവിടെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിനാവശ്യമായ മുഴുവന്‍ സേവനങ്ങളും പ്രതിഫലേച്ചയില്ലാതെ ചെയ്തു കൊടുത്ത് കൊണ്ടാണ് സാമൂഹ്യബോധത്തിന്‍റെ അസ്തമിക്കാത്ത സൂര്യനായി മാറിയത്. തത്സംബന്ധമായ മുഴുവന്‍ സാങ്കേതിക കുരുക്കുകളും അതാത് സന്ദര്‍ഭങ്ങളില്‍ അഴിച്ചു കൊടുത്തു കൊണ്ട്  ഹാജിക്ക ഖത്തര്‍ മലയാളികളുടെ സ്ഥിരപ്രശംസക്ക് പാത്രമായി. നിസ്സീമമായ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പലപ്പോഴും ഉദ്യോഗസ്ഥ – മാധ്യമ ശ്രദ്ധ നേടിയിട്ടുമുണ്ട്.പ്രവാസി ജീവിതത്തെ മരണത്തിന്‍റെ കറുത്ത കരങ്ങള്‍ കവരുന്ന നിശബ്ദശൂന്യതകളില്‍ നിസ്സഹായരാകുന്ന പ്രവാസികള്‍ക്ക് മുമ്പില്‍ ക്ഷയിക്കാത്ത കൈക്കരുത്തും ശുദ്ധവിചാരവുമായി ഹാജിക്ക ഇരിക്കാതെ നടന്നു.കരങ്ങള്‍ കുഴയാതെ കാര്യങ്ങളില്‍ ഇടപഴകിയപ്പോള്‍ തന്‍റെ മയ്യിത്ത് പരിപാലന സേവന കാലയളവില്‍ ആ കൈകളിലൂടെ നാടുകളിലേക്ക് നീങ്ങിയ കണ്ണടച്ച പ്രവാസിദേഹങ്ങളുടെ എണ്ണം അയ്യായിരം കവിയും.മരണം അറിഞ്ഞാല്‍ താമസയിടം മുതല്‍ ആശുപത്രി വഴി എയര്‍പ്പോര്‍ട്ടില്‍ എത്തി ആ മൃതദേഹം നാട്ടിലേക്ക് കയറ്റി വിടുന്നത് വരെ ഹാജിക്ക വിശ്രമിച്ചിരുന്നില്ല.   1965ലെ റമദാന്‍ മാസത്തില്‍ മുംബൈ വഴി പുറപ്പെട്ട ലോഞ്ച് കയറിയാണ് സേവന പ്രയാണത്തിന്‍റെ ആദ്യചലനങ്ങള്‍ക്ക് നാന്ദിയകുന്നത്.നടുക്കടലില്‍ കാറ്റിലും കോളിലും പെട്ട് അപകടത്തിലായ ലോഞ്ചില്‍ നിന്നെടുത്ത നേര്‍ച്ചയും തീര്‍ച്ചയുമാണ് ജീവിതകാലം മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്താന്‍ ഹാജിക്കയെ പ്രാപ്തനാക്കിയത്. ആയുസ്സോടെ കരക്കണഞ്ഞാല്‍ മരിക്കുവോളം ജീവിതം ജീവകാരുണ്യപ്രവര്‍ത്തിന് സമര്‍പ്പിക്കുമെന്ന് ആഴികളില്‍ നിന്ന് തീര്‍ച്ചപ്പെടുത്തി. ആദ്യം റാസല്‍ഖൈമയിലെത്തി. പിന്നീട് ഷാര്‍ജയിലും ദുബൈയിലും!.പിന്നീടാണ് ലോഞ്ചില്‍ ദുബൈയില്‍ നിന്ന് ഖത്തറിലേക്ക്. ദോഹയില്‍ ഒന്നിച്ചുതാമസിച്ചിരുന്ന മലപ്പുറം സ്വദേശിയുടെ മയ്യിത്ത് കുളിപ്പിച്ച് തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനം പിന്നീട് നാലുപതിറ്റാണ്ട് നീണ്ടു. 1969ല്‍ പാസ്പോര്‍ട്ട് ലഭിച്ചതിനെതുടര്‍ന്ന് രാജകുടുംബത്തില്‍ ബോയ് ആയി ജോലി ലഭിച്ചു. 1975ല്‍ ഹജ്ജ് കഴിഞ്ഞെത്തിയതോടെയാണ് അബ്ദുല്‍ഖാദര്‍ ഏവരുടെയും ഹാജിക്ക ആയിമാറി. രാജകുടുംബത്തിലെ വീട്ടുജോലി 11 വര്‍ഷം തുടര്‍ന്നു. ഖത്തറില്‍ മരിക്കുന്ന പ്രവാസികളുടെ മയ്യത്ത് കുളിപ്പിക്കാനും ആവശ്യമുള്ള എന്ത് സഹായം ചെയ്യാനും എല്ലാകാലത്തും മുന്‍പന്തിയിലുണ്ടായിരുന്നു. അപകടങ്ങളില്‍ അംഗഭംഗം വന്ന നൂറുകണക്കിന് മൃതദേഹങ്ങളാണ് അദ്ദേഹം കുളിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തത്. ഇടക്കാലത്ത് വിവിധ ബിസിനസുകളില്‍ ഏര്‍പ്പെട്ടെങ്കിലും ജീവകാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെച്ചതോടെ ബിസിനസില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞു. ഖത്തറില്‍ ഏത് രാജ്യക്കാര്‍ മരിച്ചാലും ആദ്യം ബന്ധുക്കള്‍ ആദ്യം വിളിക്കുക ഹാജിക്കയെ ആയിരുന്നു. മരണസര്‍ട്ടിഫിക്കറ്റ്, എംബസിയില്‍ നിന്നും ആശുപത്രിയില്‍ നിന്നുമുള്ള രേഖകള്‍, മൃതദേഹം വിമാനത്തില്‍ കൊണ്ടുപോകാനുള്ള കാര്‍ഗോ ബില്‍ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കാന്‍ ഹാജിക്കയാണ് മുന്നിലുണ്ടായിരുന്നത്. താന്‍ 45വര്‍ഷം ജീവിച്ച ഈ മണ്ണില്‍തന്നെ താന്‍ മരിച്ചാല്‍ ഖബറടക്കണമെന്ന മോഹം അവസാനം സഫലമായി.ഇന്നലെ അബൂഹമൂര്‍ പള്ളിക്ക് സമീപം തടിച്ചു കൂടിയ വിശ്വാസികളും അല്ലാത്തവരുമായ ദോഹയിലെ പ്രവാസികള്‍ ഹാജിക്കയുടെ അന്ത്യനിമിഷങ്ങളില്‍ പ്രാര്‍ത്ഥനകളോടെ പങ്കു ചേര്‍ന്നു.മോഹം പോലെ ഖത്തറില്‍ അന്തിയുറങ്ങുകയെന്ന സ്വപ്നം അദ്ദേഹത്തിനു വേണ്ടി ബന്ധുജനങ്ങളും പ്രവാസികളും ചേര്‍ന്ന് സാക്ഷാല്‍കകരിച്ചു.മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ച ഹാജിക്കയെ മരിച്ചുപോയപ്പോള്‍ ഒരു കാലഘട്ടം ഒന്നാകെ തോളിലേറ്റിയ ശുദ്ധവിചാരവും സേവന വികാരവും തങ്ങളുടെ ഹാജിക്കക്ക് മരിക്കാതെ നില്‍ക്കണമെന്ന് പ്രവാസികളുടെ മനസ് മന്ത്രിക്കുന്നുണ്ടാകണം. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചക്കം കണ്ടം സ്വദേശിയാണ്. എടക്കഴിയൂരിലെ സുഹറയാണ് ഭാര്യ.ഷഹീന്‍ അബ്ദുല്‍ ഖാദിര്‍ (ഖത്തര്‍) ഷഹന, ഷെജി, ഹഫി എനിവര്‍ മക്കളാണ്. ഡോ.അബ്ദുല്‍ അസീസ്‌ (ഖത്തര്‍), ബിനീഷ്‌ (റാസ് ഗ്യാസ്‌ ഖത്തര്‍) നൗഷിബ (ജാമാതാക്കള്‍)