Connect with us

Editorial

ചെകുത്താനും കടലിനുമിടയില്‍

Published

|

Last Updated

അവശ്യസാധനങ്ങളുടെ വാണംകണക്കെയുള്ള വിലക്കയറ്റം ഇത്തവണ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് ഉറപ്പ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സര്‍വമാന സാധനങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവിതരണ സംവിധാനം ശക്തമായ കേരളത്തില്‍പോലും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആത്മാര്‍ഥമായ നടപടികളില്ല. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇടക്കിടെയുള്ള വിലക്കയറ്റം രാജ്യത്താകെ തന്നെ അപ്രതിരോധ്യമായ നിലയില്‍ വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. അരി മുതല്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഭക്ഷ്യധാന്യങ്ങള്‍ക്കു പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ നില അതീവ ദയനീയമാണ്. ബി പി എല്‍ വിഭാഗങ്ങള്‍ക്ക് റേഷന്‍ കടകള്‍വഴി സൗജന്യ നിരക്കില്‍ അരി വിതരണം ചെയ്യുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന ഇടത്തരക്കാര്‍ക്ക് – എ പി എല്‍ വിഭാഗങ്ങള്‍ക്ക്- മുണ്ടുമുറുക്കി ഉടുക്കുകയേ വഴിയുള്ളു. ജീവിത സാഹചര്യങ്ങളും നിലവാരവും പൊതുവില്‍ മെച്ചപ്പെട്ടതു കാരണം പണ്ട് നാട്ടിലനുഭവപ്പെട്ടിരുന്ന പട്ടിണിയും പരിവട്ടവും ഇന്നില്ല. എന്നാല്‍, ജീവിതച്ചെലവ് കൂടുന്ന സാഹചര്യത്തില്‍ മടിശ്ശില പെട്ടെന്ന് കാലിയാകുന്നു. ഈ വസ്തുതകള്‍ ഭരണാധികാരികള്‍ക്ക് നന്നായി അറിയാമെങ്കിലും പൊതു വിപണിയില്‍ ഇടപെട്ട് നടപടികള്‍ എടുക്കാന്‍ അവര്‍ സന്നദ്ധരാകുന്നില്ല. വിപണിയില്‍ കുത്തകകളുടെയും കോര്‍പ്പറേറ്റ് സംവിധാനങ്ങളുടെയും തള്ളിക്കയറ്റം നടക്കുമ്പോള്‍ മികച്ച വിളവെടുപ്പ് കാലത്ത് പോലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ധാന്യങ്ങളും പച്ചക്കറികളും മറ്റും സംഭരിക്കാനാകുന്നില്ല. അവ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിരളമാണ്.
അവശ്യസാധന വിലക്കയറ്റ കാലത്തും മറ്റും വിപണിയിലിടപെട്ട് വില നിയന്ത്രിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, ഇതിനായി പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഇപ്പോള്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്. ക്രിസ്മസ്, പുതുവത്സരക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ചന്തകള്‍ തുറന്നിരുന്ന ഇവ ഇത്തവണ ചന്തകള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അതായത് വരും നാളുകള്‍ വിലക്കയറ്റത്തിന്റെതാണെന്ന് ചുരുക്കം. അതിനിടയില്‍ ക്രിസ്മസും പുതുവര്‍ഷവും പ്രമാണിച്ച് കേന്ദ്രം കേരളത്തിന് 30,750 ടണ്‍ അരിയും 36,900 ടണ്‍ ഗോതമ്പും അനുവദിച്ചുവെന്ന വാര്‍ത്ത നല്ല കാര്യം. ഈ വകയില്‍ 44 കോടി രൂപയുടെ സബ്‌സിഡിയാണ് കേരളത്തിന് നല്‍കുകയെന്നറിയുമ്പോള്‍ ഞെട്ടരുത്. പക്ഷേ, അങ്ങാടി നിലവാരം എവിടെ നില്‍ക്കുന്നു എന്നുകൂടി ബന്ധപ്പെട്ടവര്‍ അന്വേഷിക്കണം. റേഷന്‍കട വഴിയുള്ള ഗോതമ്പ് വിതരണം കേരളത്തിലാകെ മുടങ്ങിയിരിക്കുന്ന അവസരത്തിലാണ് സംസ്ഥാനത്തിന് “ക്രിസ്മസ്- പുതുവര്‍ഷ” സമ്മാനമായി കേന്ദ്രം 3,69,000 ടണ്‍ ഗോതമ്പ് അനുവദിച്ചത്. മുടങ്ങിയത് പുനഃസ്ഥാപിക്കാതെയുള്ള സമ്മാന പ്രഖ്യാപനം ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ആയിരക്കണക്കിന് വരുന്ന ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായത്. അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും തെറ്റ് തിരുത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് പകരം വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെയാണ്. ഇത്തരം തലതിരിഞ്ഞ നടപടികള്‍ പൂഴ്ത്തിവെപ്പുകാര്‍ക്കും കൊള്ളലാഭക്കാര്‍ക്കും ചൂട്ട് പിടിക്കലാണ്.
പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇറച്ചിക്കും മത്സ്യത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നത് നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചിക്കായി മാടുകളെ കൊണ്ടുവരുന്നത് കേരളസര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്.
ഇത് കോഴി ഇറച്ചിക്ക് വില കൂട്ടാനുള്ള സുവര്‍ണാവസരമാക്കി മാറ്റിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ കോഴിഫാം ഉടമകള്‍. ബ്രോയിലര്‍ കോഴിഇറച്ചി കിലോവിന് 160-170 രൂപയാണ് വില. ലഗോണിനും ആനുപാതികമായി വിലകൂട്ടി. മത്സ്യത്തിന് പൊള്ളുന്ന വിലയാണ്. അയക്കൂറക്ക് കിലോവിന് 500-600 രൂപയാണ് വില. ആവോലിക്ക് വില കിലോവിന് 400-500 രൂപ. സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ മത്തി ഒരു കിലോവിന് 100 രൂപ നല്‍കണം. പെരുന്നാളായാലും ഉത്സവമായാലും ആഘോഷമായാലും എല്ലാം കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമായി മാറിയിരിക്കുന്നു. അതാണ് കോര്‍പ്പറേറ്റ് സംസ്‌കാരം. ആഗോളവത്കരണവും ഉദാരവത്കരണവും സ്വകാര്യവത്കരണവുമെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ ഇഷ്ട വിനോദങ്ങളായി മാറിയപ്പോള്‍ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ കടലിനും ചെകുത്താനുമിടയില്‍ പെട്ട അവസ്ഥയിലാണ്. നാല് സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം കോണ്‍ഗ്രസും യു പി എയും ഉള്‍ക്കൊള്ളുമോ എന്ന് കണ്ടറിയണം. അതിന് അടുത്ത വര്‍ഷാദ്യത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതി.

Latest