രശ്മിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പ്രോസിക്യൂട്ടര്‍

Posted on: December 21, 2013 7:51 am | Last updated: December 21, 2013 at 7:51 am

കൊല്ലം: രശ്മിയുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ പോസ്റ്റുമോര്‍ട്ടം പരിശോധന പോലും ആവശ്യമില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കൊല്ലം വിചാരണക്കോടതി മുമ്പാകെ വെളിപ്പെടുത്തി. രശ്മിയെ ദുര്‍നടപ്പുകാരിയും മദ്യപാനിയുമാക്കാന്‍ സാക്ഷികള്‍ മുഖേന പ്രതിഭാഗം നടത്തുന്ന ശ്രമം അവരുടെ ആത്മാവിനോട് കാട്ടുന്ന ക്രൂരതയാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. താന്‍ കള്ളമാണ് പറഞ്ഞതെന്ന പ്രതിഭാഗം സാക്ഷി രഘുനാഥന്‍ നായരുടെ കുറ്റസമ്മതം മരണശേഷവും രശ്മിയോടുള്ള ക്രൂരത തുടരുന്നതിന്റെ തെളിവാണ്. പ്രതികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെല്ലാം സംശയാതീതമായി തെളിയിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
സരിതയുമായി ജീവിക്കുന്നതിനുവേണ്ടിയും, രശ്മിക്ക് പണമില്ലെന്ന കാരണത്താലും ഒന്നാംപ്രതി ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും ചേര്‍ന്ന് രശ്മിയെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ രശ്മി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ ബിജുവും രശ്മിയും ഭാര്യാഭര്‍ത്താക്കന്മാരെപോലെ ജീവിക്കുകയും ആ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടാകുകയും ചെയ്തു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂര്‍ഛിച്ചതോടെ രശ്മി നിയമപരമായ വിവാഹത്തിന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് 2006 ഫെബ്രുവരി നാലിന് വിവാഹം നടത്താനായി തീരുമാനിച്ചു. ആ ദിവസം തന്നെയാണ് പ്രതികളുടെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതികള്‍ പിഞ്ചുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിവില്‍ പോയതായി വ്യക്തമായിട്ടുണ്ട്.
രശ്മിയെ ബിജുരാധാകൃഷ്ണന്‍ ബലമായി മദ്യപിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധരും രാസപരിശോധന ഫലവും വ്യക്തമാക്കുന്നു. രശ്മി സ്വാഭാവികമായി മരണപ്പെടാനുള്ള കാരണമൊന്നുമില്ല. ശരീരത്തില്‍ കണ്ടെത്തിയ ഈതൈല്‍ ആല്‍ക്കഹോളിന്റെ ഉയര്‍ന്ന അളവ് ആത്മഹത്യാസാധ്യത തള്ളിക്കളയുന്നു. രശ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഫോറന്‍സിക് വിദഗ്ധരായ ഡോ. ശ്രീകുമാരിയും ഡോ. ഉമാദത്തനും മൊഴി നല്‍കിയിട്ടുണ്ട്. രശ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റും സാധൂകരിച്ചിട്ടുണ്ട്.
ബിജു നടത്തിയ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ 12 സാഹചര്യങ്ങളാണ് കോടതിയില്‍ നിരത്തിയത്. രശ്മി മരിക്കുന്നതിന് തലേന്ന് അവരുടെ തലക്കടിച്ചശേഷം ബിജു രാധാകൃഷ്ണന്‍ ബലമായി ഏതോ ദ്രാവകം ഒഴിച്ചുകൊടുക്കുന്നത് കണ്ടു എന്ന മകന്റെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബാധിപ്പിച്ചു.
ഈ സാഹചര്യത്തില്‍ ഒന്നാംപ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 302(കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍), 323 (ശാരീരികമായി ഉപദ്രവമേല്‍പ്പിക്കല്‍) എന്നീ കുറ്റകൃത്യങ്ങളും ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ ഐ പി സി 498എ (സ്ത്രീധനപീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതായും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.