Connect with us

National

ലോക്പാല്‍ ബില്ലിലെ പ്രസക്ത ഭാഗങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: 45 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാര്‍ലിമെന്റ് പാസ്സാക്കിയ ഭേദഗതി ചെയ്ത “ലോക്പാല്‍ ബില്ലിലെ” പ്രസക്ത ഭാഗങ്ങള്‍:
1. ലോകായുക്തകള്‍: ലോക്പാല്‍ നിയമം പ്രാബല്യത്തില്‍ വന്ന അന്ന് മുതല്‍ 365 ദിവസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്തകളെ നിയമിക്കുക. ലോകായുക്തയുടെ വിധവും പ്രകൃതിയും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
2. ലോക്പാലിന്റെ ഘടന: ഒരു അധ്യക്ഷനും പരമാവധി എട്ട് അംഗങ്ങളും അടങ്ങിയതാണ് ലോക്പാല്‍. ഇതില്‍ 55 ശതമാനം നീതിന്യായ മേഖലയിലെ പ്രതിനിധികളായിരിക്കണം. 50 ശതമാനം പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി അംഗങ്ങളായിരിക്കണം.
3.ലോക്പാലിന്റെ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് ലോക്പാലിനെ തിരഞ്ഞെടുക്കുക. സമിതിയിലെ അഞ്ചാമനെ നാല് അംഗങ്ങളുടെയും ശിപാര്‍ശ പ്രകാരം രാഷ്ട്രപതി തിരഞ്ഞെടുക്കും.
4.മത സംഘടനകളും ട്രസ്റ്റുകളും: പൊതുജനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതും കൂടിയ തോതില്‍ വരുമാനമുള്ളതുമായ സൊസൈറ്റികളും ട്രസ്റ്റുകളും ലോക്പാലിന്റെ കീഴിലാണ്. ധര്‍മവിതരണത്തിനോ മതകീയ പരിപാടികള്‍ക്കോ ഉള്ള കമ്മിറ്റികള്‍ ഇതില്‍ പെടില്ല.
5. വിചാരണാ നടപടികള്‍: സ്വന്തം വിചാരണാ നടപടി സംഘങ്ങളെയോ പ്രത്യേക കോടതികളില്‍ വിചാരണ തുടങ്ങാന്‍ അന്വേഷണ ഏജന്‍സിയെയോ ഏല്‍പ്പിക്കാന്‍ ലോക്പാലിന് അധികാരമുണ്ട്.
6. സി ബി ഐ: സി ബി ഐയെ സ്വതന്ത്രമാക്കുന്നതിന് പുതിയ ബില്ലില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിനെ രൂപവത്കരിക്കും. പ്രോസിക്യൂഷന്‍ ഡയറക്ടറെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ ശിപാര്‍ശ പ്രകാരം നിയമിക്കും. ലോക്പാല്‍ നിര്‍ദേശിച്ച കേസുകള്‍ അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരെ മാറ്റുന്നതിന് ലോക്പാലിന്റെ അനുമതി വേണം. ഇത്തരം കേസുകളില്‍ ലോക്പാലിന്റെ മേല്‍നോട്ടത്തിലായിരിക്കും സി ബി ഐ.
7. വാദം കേള്‍ക്കല്‍: ലോക്പാല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്റെ ഭാഗം വിശദീകരിക്കുന്നതിന് അവകാശമുണ്ടാകും.
8. പ്രധാനമന്ത്രി: പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയിലായിരിക്കും. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ പ്രത്യേകം കൈകാര്യം ചെയ്യും.
9. അന്വേഷണം. പ്രാഥമികാന്വേഷണം രണ്ട് മാസത്തിനുള്ളിലും വിശദ അന്വേഷണം ആറ് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥന്റെ പക്ഷം കേട്ടതിന് ശേഷമേ അന്വേഷണത്തിന് ഉത്തരവിടൂ.
പ്രധാനമന്ത്രിക്കെതിരെയുള്ള അന്വേഷണം ക്യാമറയില്‍ ചിത്രീകരിക്കും. ലോക്പാലിന്റെ മൂന്നില്‍ രണ്ട് ഫുള്‍ ബഞ്ചിന്റെ അംഗീകാരം വേണം.
10. ശിക്ഷ: ഉദ്യോഗസ്ഥര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ. ക്രിമിനല്‍ സ്വഭാവഹത്യ, അഴിമതിക്ക് പ്രേരിപ്പിക്കുക എന്നിവക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ. വ്യാജ പരാതികള്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷയും.

Latest