Connect with us

Gulf

'ഭാഷ ശ്രേഷ്ഠമാകണമെങ്കില്‍ കാഴ്ചപ്പാട് മാറണം'

Published

|

Last Updated

ദുബൈ: മലയാള ഭാഷ ശ്രേഷ്ഠമാകണമെങ്കില്‍ മലയാളിയുടെ കാഴ്ചപ്പാട് മാറണമെന്ന് പ്രമുഖ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച “ശ്രേഷ്ഠ മലയാളത്തിന് നന്ദിപൂര്‍വം” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എം ടി വാസുദേവന്‍ നായര്‍, കെ സച്ചിദാനന്ദന്‍, സുഗതകുമാരി എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.
ബ്രിട്ടീഷുകാര്‍ അവരുടെ സൗകര്യത്തിനായാണ് ഭരണ ഭാഷ ഇംഗ്‌ളീഷിലാക്കിയതെന്ന് എം ടി വാസുദേവന്‍ നായര്‍ ഓര്‍മിപ്പിച്ചു. നാം അത് അനുകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്‌ളീഷ് അധ്യാപനം നടത്തുന്ന പലരും മലയാള ഭാഷക്ക് വേണ്ടി പണിയെടുക്കുന്നത് അവരുടെ ഭാഷാ സ്‌നേഹം കൊണ്ടു കൂടിയാണ്. സാഹിത്യ വിമര്‍ശകനും പണ്ഡിതനുമായിരുന്ന പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍ കേരള വര്‍മ കോളജില്‍ ഇംഗ്‌ളീഷ് അധ്യാപകനും ഒടുവില്‍ പ്രിന്‍സിപ്പലുമായിരുന്നു. അതേസമയം, മലയാള ഭാഷയുടെ വളര്‍ച്ചക്കും പഠനത്തിനും അദ്ദേഹം ഒട്ടേറെ കാലം ചെലവഴിച്ചു.
പുതിയ വാക്കുകള്‍ കൊണ്ട് ഭാഷയെ സമ്പന്നമാക്കണം. മലയാളത്തിലെ പല വാക്കുകളും ഇന്ന് അപ്രത്യക്ഷമായിട്ടുണ്ട്. 30 ലക്ഷം പേര്‍ സംസാരിച്ചിരുന്ന, ലിപി ഇല്ലാത്ത തുളു ഇന്ന് അന്യം നിന്ന പോലെയാണ്. അതുപോലെ ഒട്ടേറെ ഗോത്ര സമൂഹങ്ങളുടെ ഭാഷയും ഇല്ലാതായി. ഖസാക്കിസ്ഥാനിലെ ഭാഷയെ നശിപ്പിച്ചതിലൂടെ ഒരു സംസ്‌കാരത്തെ തന്നെയാണ് ഇല്ലാതാക്കിയത്.
സാന്താളീസ് ഭാഷക്ക് അടുത്ത കാലം വരെ അസ്തിത്വമുണ്ടായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ലിപിയില്ലാത്ത പല ഭാഷകളുമുണ്ട്. അവയെ സംരക്ഷിക്കാനാവാത്ത സ്ഥിതിയുണ്ട്. മണിപ്പൂരില്‍ സരസ്വതി എന്ന ലിപിയുണ്ടായിരുന്നു. റഷ്യയുടെ പ്രതാപം നഷ്ടമായതിന്റെ പല കാരണങ്ങളിലൊന്ന് ഭാഷ നശിച്ചതായിരുന്നു. നല്ല പല മലയാളം വാക്കുകള്‍ സമ്മാനിക്കുന്നതിലൂടെ ഭാഷയെ പുഷ്ടിപ്പെടുത്താനാകും. തമിഴില്‍ കുറെയൊക്കെ ഇംഗ്‌ളീഷ് വാക്കുകള്‍ക്ക് കൃത്യമായ പകരം പദമുണ്ട്.
ഡി.എച്ച് ലോറന്‍സിന്റെ “ലേഡി ചാറ്റര്‍ലീസ് ലവര്‍” ഒരിക്കല്‍ നിരോധിച്ചിരുന്നു. അശ്‌ളീലം നിറഞ്ഞ നാലഞ്ചു പദങ്ങള്‍ അതിലുണ്ടെന്നതാണ് കാരണം പറഞ്ഞിരുന്നത്. ഒരുപാടു കാലം കേസില്‍ തളച്ചിടപ്പെട്ടു ആ കൃതി. ഇന്ന് ആ പദങ്ങളില്ലാതെ എഴുതാനാവില്ല എന്ന സാഹചര്യമാണുള്ളത്.
പുതിയ തലമുറയുടെ ഇംഗ്‌ളീഷ് പുസ്തക വായനാഭിമുഖ്യത്തെ തള്ളിപ്പറയേണ്ടതില്ലെന്ന് എം.ടി പറഞ്ഞു. രവീന്ദ്ര സിംഗിന്റെയും ചേതന്‍ ഭഗത്തിന്റെയും പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നതില്‍ കെറുവു കാണിക്കണ്ട. വായനാപ്രദം ആയതുകൊണ്ടാണല്ലോ അത്.
മലയാള ഭാഷയെ വളര്‍ത്തി വലുതാക്കിയതില്‍ എഴുത്തുകാര്‍ക്ക് വലിയ പങ്കുണ്ട്. കേശവദേവ് താന്‍ പ്രസിദ്ധീകരിച്ച സാഹിത്യ കൃതികള്‍ മഹാരാജാസ് കോളജില്‍ ബാഗില്‍ ചുമന്നു കൊണ്ടു പോയി സ്വയം പരിചയപ്പെടുത്തി വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ ബോട്ടു ജെട്ടികളിലും ചന്തകളിലും പുസ്തകങ്ങള്‍ എത്തിച്ചു. വള്ളത്തോള്‍ പുസ്തകങ്ങള്‍ തലയില്‍ ചുമന്നു സഞ്ചരിക്കുമായിരുന്നു. ചങ്ങമ്പുഴ പഠനത്തിനുള്ള ഫീസ് കണ്ടെത്തിയിരുന്നത് കവിതകള്‍ വിറ്റായിരുന്നു.
ക്ഷയയോഗം പിടിപെട്ട് കിടപ്പിലായ ചങ്ങമ്പുഴക്ക് ചികില്‍സിക്കാനുള്ള പണം കണ്ടെത്തിയത് ഇ.എം കോവൂര്‍ “ജയകേരള”ത്തില്‍ എഴുതിയ ഒരു ലേഖനം വഴിയായിരുന്നു. മണിയോര്‍ഡറുകള്‍ സ്ഥിരമായി വന്ന് ഇടപ്പള്ളിയില്‍ ഒരു പോസ്‌റ്റോഫീസ് തന്നെ തുടങ്ങേണ്ട സാഹചര്യമുണ്ടായി എന്നതാണ് പിന്നീടുണ്ടായ ചരിത്രം.
ആസാമിലെ പട്ടാള ക്യാമ്പുകളില്‍ നിന്നു പോലും ചങ്ങമ്പുഴക്ക് മണിയോര്‍ഡര്‍ എത്തിയിരുന്നു. അത്, ചങ്ങമ്പുഴയെന്ന വ്യക്തിക്കല്ല, അദ്ദേഹം ഭാഷയിലൂടെ സൃഷ്ടിച്ച സ്‌നേഹബന്ധത്തിന് ലഭിച്ച സഹായ നീക്കമായിരുന്നു. അങ്ങനെയുള്ളവരുടെ വിയര്‍പ്പു കൊണ്ടാണീ ഭാഷ വളര്‍ന്നത്.
നമ്മുടെ തന്നെ കുറ്റമാണ് ഭാഷയെ ഇത്ര വികലമാക്കിത്തീര്‍ക്കുന്നതെന്ന് എം ടി നിരീക്ഷിച്ചു. ഇംഗ്‌ളീഷ് അധിനിവേശമാണ് മലയാളത്തെ പിറകോട്ടടിപ്പിച്ചതെന്ന് പറയുന്നത് ശരിയല്ല. ഗുണ്ടര്‍ട്ട് സായിപ്പ് ഒരു മലയാള പണ്ഡിതന്റെ സഹായത്താലാണ് മലയാളം സംസാരിക്കാനും എഴുതാനും പഠിച്ചത്. ഭാഷ എപ്പോഴും പഠിക്കാം. ഇന്നത്തെ തലമുറ കുഞ്ഞുക്‌ളാസുകളില്‍ തന്നെ ഇംഗ്‌ളീഷ് പഠിക്കുന്നുണ്ട്. മലയാളം പഠിക്കുന്നുമില്ല. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എ ബി സി ഡി പഠിച്ചത്.
തുലോം തുഛമായ പ്രസാധകര്‍ക്കു മുന്നില്‍ കൈ നീട്ടിയാലേ ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടിരുന്നുള്ളൂ. അതിനുള്ള പ്രതിഫലമാണെങ്കില്‍ ഉപജീവനത്തിന് തികയാത്തതും. ഈയവസ്ഥ ഇന്ന് മാറിയിട്ടുണ്ട്. ഒട്ടേറെ പ്രസാധകര്‍ വന്നു. അതോടൊപ്പം, അവര്‍ ഗ്രന്ഥകര്‍ത്താക്കളെ ചൂഷണം ചെയ്യുന്ന രീതിയും വന്നു ചേര്‍ന്നു. രചയിതാക്കള്‍ അറിയാതെ അവരുടെ കൃതികള്‍ അച്ചടിച്ച് വിറ്റു സ്വന്തം പോക്കറ്റിലിടുന്ന രീതിയെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്. 18-ാം നൂറ്റാണ്ടിലുണ്ടായ ഒരു നിയമമാണ് അക്കാലത്തെ ഇത്തരമൊരു ചൂഷണത്തില്‍ നിന്ന് തടഞ്ഞത്. ഇപ്പോള്‍ കൂടുതല്‍ ശക്തമായ നിയമ നീക്കങ്ങള്‍ ആവശ്യമായിരിക്കുന്നു.
മലയാളം ശ്രേഷ്ഠ ഭാഷയാണെന്ന് പ്രഖ്യാപിച്ചത് കൊണ്ടായില്ല. ഭാഷ നിലനില്‍ക്കണമെങ്കില്‍, മാതൃഭാഷയുടെ ഉല്‍കൃഷ്ടത ബോധ്യമുള്ള മാനസികാവസ്ഥ സൃഷ്ടിക്കപ്പെടണം. തമിഴ്‌നാട്ടില്‍, ഭാരതിയാര്‍ കവിതകള്‍ അറിയുക എന്നത് കേമത്തമണ്. അതേസമയം, മലയാളം അറിയില്ലായെന്നതാണ് കേരളീയ സമൂഹം മേന്മ നടിക്കാന്‍ ഉപയോഗിക്കുന്നത്.
എല്ലാ ഭാഷകളും ശ്രേഷ്ഠമാണ്. മലയാളികള്‍ക്ക് ഏതു ഭാഷയും വഴങ്ങുകയും ചെയ്യും. ഭാഷാഭ്രാന്ത് നന്നല്ല. പക്ഷേ. സംസ്‌കാരത്തെ ആവാഹിക്കുന്ന വാക്കുകളും പദങ്ങളും നശിക്കാന്‍ പാടില്ല. വെസ്റ്റിന്റീസ് എഴുത്തുകാരന്‍ ഡെറിക് വാല്‍കോട്ട് ഇംഗ്ലീഷില്‍ എഴുതുന്ന ആളാണ്. പക്ഷേ, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മ പഠിപ്പിച്ച ഭാഷയിലെ വാക്കുകള്‍ മനസില്‍ മുഴങ്ങിക്കൊണ്ടിരിക്കും എന്നു പറയുന്നു. മാതൃഭാഷ എളുപ്പം കളയാന്‍ കഴിയില്ല.
യുനെസ്‌കോയുടെ കണക്കനുസരിച്ച് 7,000 ഓളം ഭാഷകള്‍ നശിച്ചു പോയി. മറ്റൊരു കണക്കെടുപ്പില്‍, ഇതില്‍ 35 ശതമാനം ഭാഷകള്‍ നാമാവശേഷമായി. ഇതില്‍ ചില ഭാഷകള്‍ തിരിച്ചുവരുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയില്‍ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്ന മിഥ്യാധാരണ നമുക്കുണ്ട്. 35 ശതമാനത്തിലധികം ആളുകള്‍ സ്വന്തം വീട്ടില്‍ ഇംഗ്ലീഷല്ല, സംസാരിക്കുന്നത് സ്പാനി ഷും മറ്റുമാണ്.
പുതിയ വാക്കുകള്‍ വന്നു ചേരുമ്പോഴാണ് ഭാഷ സമ്പന്നമാകുന്നതെന്ന് കവി സച്ചിദാനന്‍ പറഞ്ഞു. മലയാളത്തില്‍ പൂവിന് നിരവധി പര്യായങ്ങളുണ്ട്. പുഷ്പം എന്നും മലരെന്നും കുസുമമെന്നും മറ്റും പറയും. ഒരവസ്ഥക്കോ, അനുഭവത്തിനോ വൈവിധ്യമാര്‍ന്ന ആശയ സഫലീകരണം വരണം-സച്ചിദാനന്ദന്‍ചൂണ്ടിക്കാട്ടി.
വായനക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അശ്ലീല പദങ്ങള്‍ കവിതയില്‍ തിരുകുന്നത് ആശാസ്യമല്ലെന്ന് സുഗതകുമാരി പറഞ്ഞു. കവിതയെന്നാല്‍ ഭാഷാ ശുദ്ധിയാണ്. ഉയര്‍ന്ന മാനവിക ബോധമാണ് അതിനെ വേറിട്ടു നിര്‍ത്തുന്നത്. അവിടെ അശ്ലീലതക്കു സ്ഥാനമില്ല-സുഗതകുമാരി ചൂണ്ടിക്കാട്ടി.
ഐ എം എഫ് വൈസ് പ്രസിഡന്റ് കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. വി കെ ഹംസ അബ്ബാസ് സംസാരിച്ചു.

ആറന്‍മുള വിമാനത്താവളം ധാര്‍ഷ്ട്യം: സുഗതകുമാരി 

ദുബൈ: ആറന്‍മുള വിമാനത്താവളം നിര്‍മിക്കാന്‍ അദൃശ്യനും ശക്തിമാനുമായ ഒരാള്‍ കുത്സിത മാര്‍ഗം സ്വീകരിക്കുകയാണെന്ന് കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. ദുബൈയല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആറന്‍മുള പൈതൃക ഗ്രാമമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അനേകം ശേഷിപ്പുകള്‍ അവിടെയുണ്ട്.
ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിശേഷപ്പെട്ട സ്ഥലമാണ്. പാരിസ്ഥിതിക ദുര്‍ബല പ്രദേശവുമാണത്. ആറന്‍മുളയുടെ ഹൃദയധമനിയായി ഒഴുകുന്ന തോടടക്കം മണ്ണിട്ടു മൂടിയാണ് വിമാനത്താവളം നിര്‍മിക്കാന്‍ പോകുന്നത്. കുന്നുകളും ഇടിച്ചു നിരത്തും. ഇടത് സര്‍ക്കാറിന്റെ കാലത്താണ് ഇതിനു അനുമതി ലഭിച്ചത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പുവെപ്പിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍ പറയുന്നു. തെറ്റുപറ്റിയെന്ന് പിണറായി വിജയനും എം എ ബേബിയും മുല്ലക്കര രത്‌നാകരനും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അനുമതി റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടാന്‍ താനും പോയിരുന്നു. ഇനി സാധ്യമല്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
ചക്കിട്ടപ്പാറയിലെ ഖനനാനുമതി റദ്ദാക്കിയ സര്‍ക്കാറാണ് ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ശക്തമായി ഇടപെട്ടതുകൊണ്ടാണ് ചക്കിട്ടപ്പാറ ഖനനം ഒഴിവായത്. ആറന്‍മുളയുടെ കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിക്കണം. കേരളത്തിലെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു. പുഴയും പാടവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കോണ്‍ക്രീറ്റ് കാടുകള്‍ പകരം ഉയര്‍ന്നുവരുന്നുണ്ട്. അത് കേരളത്തെ പൂര്‍ണമായും നശിപ്പിക്കും. മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നാല്‍ മാത്രമേ നീരുറവ ഉണ്ടാവുകയുള്ളൂ. സിംഹവാലന്‍ കുരങ്ങിനു വേണ്ടിയല്ല, സാംസ്‌കാരിക നായകര്‍ വാദിക്കുന്നത്. നാളത്തെ തലമുറക്കു വേണ്ടിയാണ്. സൈലന്റ്‌വാലി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. കേരളത്തില്‍ മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. സ്വന്തം പിതാവ് പോലും പെണ്‍കുട്ടികളെ കടിച്ചുകീറുന്നു. മദ്യലഹരിയിലാണ് കേരളം. മദ്യം കഴിച്ച് എന്തൊക്കെ ചെയ്യുന്നുവെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. ഇതില്‍ നിന്നൊക്കെ കേരളം രക്ഷപ്പെടേണ്ടതുണ്ടെന്നും സുഗതകുമാരി പറഞ്ഞു.