ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസനത്തിന് 18 കോടി രൂപയുടെ ഭരണാനുമതി

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:21 am

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ ആര്‍എച്ച് എം 10 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ എട്ട് കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
മാതൃശിശു സംരക്ഷണ വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് എന്‍ ആര്‍ എച്ച്. എം ഫണ്ട് അനുവദിച്ചിട്ടുള്ളത്. മാതൃ ശിശു സംരക്ഷണ ബ്ലോക്കില്‍ 50 കിടക്കകളും 10 സ്‌പെഷ്യല്‍ കിടക്കകളും ക്വാഷ്യാലിറ്റി, ലേബര്‍ റൂം, മേജര്‍ ഓപറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപറേഷന്‍ തീയേറ്റര്‍, 3 കിടക്കകളോടു കൂടിയ ഐ സി യു, നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക എന്‍ ബി എസ്. യു. രോഗ നിര്‍ണയത്തിനുള്ള അള്‍ട്രാ സൗണ്ട് സ്‌കാന്‍, മറ്റു അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ആശുപത്രിയില്‍ നിര്‍മിക്കുന്ന അഞ്ച് നില കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകള്‍ നിര്‍മിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒന്നര വര്‍ഷത്തിനുള്ളില്‍ ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.