Connect with us

International

ഹിസ്ബുല്ലയുടെ സീനിയര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബൈറൂത്ത്: ലബനാനിലെ പ്രമുഖ പോരാട്ട സംഘമായ ഹിസ്ബുല്ലയുടെ നേതാവ് കൊല്ലപ്പെട്ടു. മുതിര്‍ന്ന കമാന്‍ഡറായ ഹസനുല്‍ ലക്കീസാണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. തെക്കു കിഴക്കന്‍ ലബനാനിലെ ഹദാത്തിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈലാണെന്ന് ഹിസ്ബുല്ല ആരോപിച്ചു. എന്നാല്‍ ഹിസ്ബുല്ലയുടെ ആരോപണം ഇസ്‌റാഈല്‍ തള്ളി. ഹിസ്ബുല്ലാ മേധാവി ഹസന്‍ നസ്‌റുല്ലയുടെ അടുത്ത അനുയായിയും ആയുധ നിര്‍മാണത്തില്‍ വിദഗ്ധനുമായ കമാന്‍ഡറാണ് ലക്കീസെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രി വീട്ടിലെത്തിയ ലക്കീസിനെ അജ്ഞാത സംഘം വധിക്കുകയായിരുന്നുവെന്ന് ഹിസ്ബുല്ല നേതാക്കള്‍ അറിയിച്ചു. വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴാണ് സംഭവം നടന്നത്. കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും വധിക്കാന്‍ ഉപയോഗിച്ച തോക്ക് കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ലക്കീസിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.
ശബ്ദമില്ലാത്ത തോക്കുപയോഗിച്ചാണ് ലക്കീസിനെ വധിച്ചതെന്നും തലക്കാണ് വെടിയുണ്ടകളേറ്റതെന്നും ഹിസ്ബുല്ലയുടെ അന്വേഷണ വിഭാഗം വക്താക്കള്‍ അറിയിച്ചു. ലക്കീസിനെ ഇസ്‌റാഈല്‍ നിരവധി തവണ വധിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലക്കീസിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ വക്താവ് യിഗല്‍ പാല്‍മോര്‍ വ്യക്തമാക്കി. “വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. തെളിവുകളില്ലെങ്കിലും ഇസ്‌റാഈലിനെ കുറ്റപ്പെടുത്തുകയാണ് ഹിസ്ബുല്ല ചെയ്യുന്നത്” പാല്‍മോര്‍ പറഞ്ഞു.
ലബനാന്‍ ആക്രമിച്ച ഇസ്‌റാഈല്‍ സൈന്യവുമായി 2006ല്‍ ഹിസ്ബുല്ല നടത്തിയ 34 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ ലക്കീസിന്റെ മകന്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിസ്ബുല്ല സിറിയന്‍ വിഷയത്തില്‍ ഇസ്‌റാഈലിനും അമേരിക്കക്കുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇസ്‌റാഈലിനെ വെല്ലുവിളിച്ച് വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ ഹിസ്ബുല്ല സിറിയന്‍ സര്‍ക്കാറിനെ സഹായിച്ചിരുന്നു.