മൂന്നക്ക നമ്പര്‍ ലോട്ടറി: മൂന്ന് ഏജന്റുമാര്‍ പിടിയില്‍

Posted on: December 2, 2013 1:37 pm | Last updated: December 2, 2013 at 1:37 pm

എടപ്പാള്‍: നിരോധിച്ച മൂന്നക്ക നമ്പര്‍ ലോട്ടറി നടത്തിപ്പുകാരായ മൂന്ന്‌പേരെ പൊന്നാനി സി ഐ അറസ്റ്റ് ചെയ്തു. എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലെ കൃഷ്ണാ ലോട്ടറി ഏജന്‍സീയില്‍ നിന്നാണ് എടപ്പാള്‍ പരുവിങ്ങല്‍ വീട്ടില്‍ ആസാദ് (34) പേരശ്ശന്നൂര്‍ വെളുത്തേടത്ത് പറമ്പില്‍ സുനില്‍ (29), പോത്തനൂര്‍ കൈതപ്പോയില്‍ പ്രദീപ് (28) എന്നിവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നമ്പറുകളില്‍ അവസാനത്തെ മൂന്ന് അക്കങ്ങള്‍ പത്ത് രൂപ കൊടുത്ത് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുകയാണ്. ഈ നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചാല്‍ 2500 രൂപയും രണ്ടാം സമ്മാനം ലഭിച്ചാല്‍ ആയിരം രൂപയും മൂന്നാം സമ്മാനം ലഭിച്ചാല്‍ 500 രൂപയും ലഭിക്കും. ഇത്തരം മൂന്നക്ക നമ്പര്‍ ലോട്ടറികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നിരോധിച്ചതാണ്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരം നിരോധിത ടിക്കറ്റ് കച്ചവടം നടന്നുവരുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. നാല്‍പ്പതിനായിരം രൂപയും ഇവരുടെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എടപ്പാളിലെ കൃഷ്ണാ ലോട്ടറി ഏജന്‍സി ഉടമ കുറ്റിപ്പുറം സ്വദേശി മനോജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ വിദേശത്താണ്. സി ഐ അബ്ദുല്‍ മുനീറിന് പുറമെ ചങ്ങരംകുളം എസ് ഐ . എം മനോഹരന്‍, എ എസ് ഐ പവിത്രന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.