ശാസ്ത്രമേളക്ക് ഇന്ന് കൊടിയിറങ്ങും; തൃശൂര്‍ മുന്നില്‍

Posted on: November 28, 2013 6:00 am | Last updated: November 28, 2013 at 12:22 am

shastramela-knrകണ്ണൂര്‍: നാല് നാള്‍ നീണ്ട സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേളക്ക് ഇന്ന് കൊടിയിറങ്ങും. അയ്യായിരത്തോളം പ്രതിഭകള്‍ മറ്റുരച്ച മേളയിലെ മത്സര ഇനങ്ങള്‍ ഇന്ന് പൂര്‍ണമായും സമാപിക്കും. സമാപന സമ്മേളനം നാളെ രാവിലെ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. ആറ് വേദികളിലായാണ് മത്സര ഇനങ്ങള്‍ പ്രധാനമായും നടന്നത്. ഇന്നലെ പൂര്‍ത്തിയാക്കിയ ഐ ടി മേളയില്‍ 108 പോയിന്റോടെ കോഴിക്കോട് ജില്ല ജേതാക്കളായി. 97 പോയിന്റുള്ള തൃശൂര്‍ ജില്ലക്കാണ് മൂന്നാം സ്ഥാനം. ശാസ്ത്രമേളയില്‍ തൃശൂര്‍ ജില്ലയാണ് 95 പോയിന്റ് നേടി മുന്നിലുള്ളത്. ആതിഥേയരായ കണ്ണൂരിനും കൊല്ലം ജില്ലക്കും 93 പോയിന്റുകള്‍ വീതം ലഭിച്ചു. 91 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
ഗണിതശാസ്ത്ര മേളയില്‍ കണ്ണൂരാണ് (256) മുന്നില്‍. പാലക്കാട് (243), കോഴിക്കോട് (232), മലപ്പുറം (231) എന്നീ ജില്ലകളാണ് തൊട്ടു പിന്നില്‍. സാമൂഹിക ശാസ്ത്രമേളയില്‍ കാസര്‍കോട് ജില്ലക്ക് 75 പോയിന്റ് ലഭിച്ചു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളാണ് 72 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുള്ളത്. കോഴിക്കോടിന് 69 പോയിന്റ് ലഭിച്ചു.
പ്രവൃത്തി പരിചയ മേളയില്‍ കോഴിക്കോട് ജില്ലക്ക് 23,926 മാര്‍ക്ക് ലഭിച്ചു. കണ്ണൂരിന് 23,698ഉം കാസര്‍കോടിന് 22,162 മാര്‍ക്കും ലഭിച്ചു. ഇന്നലെ വിവിധ വേദികളിലായി ഗണിത ശാസ്ത്ര പ്രദര്‍ശനം, പ്രവൃത്തി പരിചയം (സെമിനാര്‍), ക്വിസ് മത്സരം, ഡിജിറ്റല്‍ പെയിന്റിംഗ് തുടങ്ങിയവയാണ് നടന്നത്.