Connect with us

Kerala

അശ്വിനും അഞ്ജുവും വേഗമേറിയ താരങ്ങള്‍

Published

|

Last Updated

കൊച്ചി: എറണാകുളം മഹാരാജാസ് മൈതാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടി കെ പി അശ്വിനും എ എസ് അഞ്ജുവും വേഗമേറിയ താരങ്ങളായി. മലപ്പുറം ജില്ലയിലെ വളംകുളം സ്‌കൂളിലെ താരമായ അശ്വിന്‍ ഈ ഇനത്തില്‍ എറണാകുളത്തിന്റെ കുത്തക അവസാനിപ്പിച്ചാണ് സ്വര്‍ണം നേടിയത്. തിരുവനന്തപുരം സായിയിയുടെ താരമാണ് അഞ്ജു.

11.19 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത അശ്വിന്‍ മലപ്പുറം എളംകുളം എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. 12.58 സെക്കന്റിലാണ് അഞ്ജു ഫിനിഷ് ചെയ്തത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാടിനാണ് സ്വര്‍ണം. കല്ലടി സ്‌കൂളിലെ രഖില്‍ ഘോഷ് സ്വര്‍ണം നേടി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ രാഹുല്‍ രാജാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളില്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോടിന്റെ ജിസ്‌നാ മാത്യൂവും സബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തിന്റെ സോഫിയാ സണ്ണിയും സ്വര്‍ണം നേടി.

രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പാലക്കാടാണ് മുന്നേറുന്നത്. 18 സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവും നേടിയ പാലക്കാടിന് 118 പോയിന്റാണ് ലഭിച്ചത്. 99 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമാണ് എറണാകുളത്തിന് ലഭിച്ചത്.

പാലക്കാട് പറളി സ്‌കൂളും കോതമംഗലം മാര്‍ ബേസിലുമാണ് സ്‌കൂളുകളില്‍ മുമ്പില്‍. ഇരു സ്‌കൂളുകള്‍ക്കും 44 പോയിന്റ് വീതമാണുള്ളത്. 38 പോയിന്റുള്ള കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാമത്. 36 പോയിന്റുള്ള കോതമംഗലം സെന്റ് ജോര്‍ജാണ് മൂന്നാമത്.