Connect with us

Editorial

മോന്തായം വളഞ്ഞ വിഘടിത പ്രസ്ഥാനം

Published

|

Last Updated

മുസ്‌ലിംകേരളത്തെ നടുക്കിയ സംഭവമാണ് കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയിലെ ഇരട്ടക്കൊലപാതകം. നിസ്വാര്‍ഥരും നാടിന്റെ സ്‌നേഹഭാജനങ്ങളുമായിരുന്ന രണ്ട് സുന്നി പ്രവര്‍ത്തകരെയാണ് ചേളാരി സമസ്തക്കാര്‍ അവിടെ യാതൊരു പ്രകോപനവുമില്ലാതെ നിഷ്ഠൂരമായി കൊന്നത്. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളും കാന്തപുരവും നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നതിനപ്പുറം ഈ പൈശാചികാക്രമണത്തിന് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കാനില്ല.
സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനും മുസ്‌ലിം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുമായി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമാദരണീയരായ പണ്ഡിത മഹത്തുക്കളാല്‍ രൂപവത്കൃതമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമാധാനപരമായ പ്രവര്‍ത്തനങ്ങളിലൂടെ മതഭേദമന്യേ ജനങ്ങളുടെ അംഗീകാരവും ആദരവും നേടിയ ഈ സംഘടയുടെ പേരിലാണ് ചേളാരി വിഭാഗക്കാര്‍ ഗുണ്ടാ സംഘങ്ങളെ പോലും വെല്ലുന്ന അക്രമ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നതാണ് ദുഃഖകരം.
ചിലരുടെ ആദര്‍ശവ്യതിയാനത്തെ തുടര്‍ന്ന് സമസ്തയിലുണ്ടായ പിളര്‍പ്പിന് ശേഷം ആദര്‍ശ പ്രതിബദ്ധതയുള്ള പണ്ഡിത നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന സുന്നി പ്രസ്ഥാനത്തെ സാമുദായിക രാഷ്ട്രീയ കക്ഷിയുടെ പിന്തുണയോടെ നിഷ്പ്രഭമാക്കാമെന്നായിരുന്നു ചേളാരി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആദര്‍ശ പ്രചാരണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ജീവകാരുണ്യ പ്രര്‍ത്തനങ്ങളിലും നാടിന്റെ വികസന പ്രക്രിയയിലും മികച്ച പങ്കാളിത്തം വഹിച്ചു വരുന്ന സുന്നി പ്രസ്ഥാനം വിഘടിതരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൂടുതല്‍ കരുത്തുനേടുകയും കേരളത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നു ഇന്ത്യ ഒട്ടുക്കും വ്യാപിക്കുകയുമാണുണ്ടായത്. ഇതോടെയാണ് സമനില തെറ്റി വിഘടിതര്‍ അക്രമത്തിന്റെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും മാര്‍ഗത്തിലേക്ക് തിരിഞ്ഞത്.
അമ്പലക്കണ്ടി അബ്ദുല്‍ ഖാദിറാണ് വിഘടിതരുടെ ആദ്യ ഇര. പിന്നീട് പത്തോളം പേര്‍ ഇവരുടെ കൊലക്കത്തിക്ക് ഇരയായി. വിഘടിത ആക്രമണത്തില്‍ പരുക്കേറ്റ സുന്നി പ്രവര്‍ത്തകരും തകര്‍ന്ന ദീനീസ്ഥാപനങ്ങളും നൂറുകണക്കിന് വരും. ബോംബ് നിര്‍മാണമുള്‍പ്പെടെ മാരകായുധങ്ങള്‍ നിര്‍മിച്ചു അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുപ്പ് നടത്തുന്ന ഇവര്‍ സുന്നി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ സ്വന്തം മദ്‌റസാ കെട്ടിടം വരെ തീവെച്ചു നശിപ്പിക്കുകയുണ്ടായി. സംഘ് പരിവാറിന്റെ ഗോധ്ര തീവണ്ടി കത്തിക്കലിനെ അനുസ്മരിപ്പിക്കുന്ന ഈ മദ്‌റസ തീവെപ്പ് നാടകത്തിന്റെ ആസൂത്രകരെ സംസ്ഥാന പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ വിഘടിത പ്രവര്‍ത്തകരും നേതാക്കളും അവരുടെ പണ്ഡിത സംഘടന പോലും ജനമധ്യത്തില്‍ പരിഹാസ്യരായിരിക്കയാണ്.
സംഘടനകളില്‍ പിളര്‍പ്പ് സാധാരണമാണ്. സംസ്ഥാനത്ത് മറ്റു പല മുസ്‌ലിം സംഘടനകളിലും പിളര്‍പ്പും ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും വിഘടിത സുന്നികളെ പോലെ എതിരാളികളെ കൊലക്കത്തി കൊണ്ട് നേരിടുന്ന അധോലോക സംസ്‌കാരത്തിലേക്ക് തരംതാണവര്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. വ്യക്തമായ ഒരാദര്‍ശവും നയവുമുള്ളവര്‍ തദടിസ്ഥാനത്തിലുള്ള സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് എതിര്‍ചേരികളെ നേരിടേണ്ടതും അതിജയിക്കേണ്ടതും. കാന്തപുരത്തോടും സുന്നീ പ്രസ്ഥാനത്തോടുമുള്ള വിരോധത്തിനപ്പുറം മറ്റൊരു നയമോ ആദര്‍ശമോ ഇല്ലെന്നതാണ് വിഘടിതരെ ഇത്തരമൊരു അധഃപതനത്തിലെത്തിച്ചത്. വിഘടിത വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ മാത്രമല്ല, പണ്ഡിത സഭയുടെ അമരത്തുള്ളവര്‍ക്ക് വരെ ഏത് പരിപാടികളിലും പറയാനും പ്രസംഗിക്കാനുമുള്ളത് കള്ളക്കഥകളും ദുരാരോപണങ്ങളുമാണ്. ഉള്ളാള്‍ തങ്ങളും കാന്തപുരവും നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനം ദേശീയ തലത്തില്‍ മതപ്രബോധന, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യന്‍ പൊതുധാരയില്‍ ശ്രദ്ധേയമായ ഇടം നേടുമ്പോള്‍ സമാനമായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ അതിജയിക്കാനുള്ള പദ്ധതികളാണ് സംഘടനാ പാടവമുണ്ടെങ്കില്‍ എതിര്‍ പക്ഷം ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത്. എങ്കില്‍ അത് നാടിനും സമൂഹത്തിനും ഗുണം ചെയ്യുമായിരുന്നു. കൈരളിയുടെ ദുര്യോഗമെന്ന് പറയട്ടെ, സുന്നിപ്രസ്ഥാനത്തെ പോലെ വിവേകവും പക്വതയും ചിന്താശേഷിയുമുള്ള ഒരു നേതൃത്വം അവര്‍ക്കില്ലാതെ പോയി. മതപരമായ വിവരമോ, ദീനീചിന്തയോ ഇല്ലാത്ത സാധാരണ വിഘടിത പ്രവര്‍ത്തകരുടെയും ചെറുകിട നേതാക്കളുടെയും അതേ ഭാഷയിലും സംസ്‌കാരത്തിലും പ്രകോപനപരമായ പ്രസംഗവും ആഹ്വാനവുമാണ് പണ്ഡിത പ്രമുഖരും ഉന്നത നേതാക്കളും നടത്തി വരുന്നതെന്നത് ആ സംഘടയുടെ കഴിവുറ്റ നേതൃത്വമില്ലായ്മയിലേക്കാണ് വിരല്‍ ചുണ്ടുന്നത്. നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനം കേള്‍ക്കുന്ന അനുയായികള്‍ കത്തിയും കൊടുവാളും ബോംബുമായി രംഗത്തിറങ്ങിയില്ലെങ്കിലല്ലേ അത്ഭുതം.

---- facebook comment plugin here -----

Latest