കൃഷ്ണപിള്ള സ്മാരകത്തിന് സ്മാരകം കത്തിച്ച സംഭവം; നുണപരിശോധനക്ക് അനുമതിയില്ല

Posted on: November 18, 2013 3:00 pm | Last updated: November 18, 2013 at 3:00 pm

p. krishnapillai (1)ആലപ്പുഴ: ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാവിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കില്ല. ആദ്യം നുണപരിശോധനയ്ക്ക് തയാറാണെന്ന് ഇരുവരും അറിയിച്ചിരുന്നെങ്കിലും കോടതിയില്‍ വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍ നിലപാട് മാറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിന്റെ ആവശ്യം നിരസിക്കുകയായിരുന്നു.

ഡി വൈ എഫ് ഐ കഞ്ഞിക്കുഴി ബ്ലോക്ക് സെക്രട്ടറി ലതീഷ് ബി ചന്ദ്രനെയും മുഹമ്മയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂര്‍ സോമനെയുമാണ് പോലീസ് നുണപരിശോധനയ്ക്ക് വിധേരാക്കാനിരുന്നത്. സംഭവദിവസം പുലര്‍ച്ചെ 1.47 നുശേഷം ഇരുവരും ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംഭാഷണം നടത്തിയതായി പോലീസിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഫോണ്‍സംഭാഷണത്തില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്.

മുഹമ്മയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ സംസാരിച്ചതെന്നും ഏതു പരിശോധനയ്ക്കും വിധേരാകാന്‍ തയാറാണെന്നായിരുന്നു ആദ്യം ഇരുവരും അറിയിച്ചിരുന്നത്. എന്നാല്‍ നുണപരിശോധന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഇവരുടെ അഭിഭാഷകര്‍ വാദിച്ചത്. ഭരണഘടനാ വിരുദ്ധമായ പരിശോധനയ്ക്ക് തയാറല്ലെന്ന് പ്രതികളും അറിയിക്കുകയായിരുന്നു.