എം ജി രജിസ്ട്രാറുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് കേരള സര്‍വകലാശാല അനുമതി നിഷേധിച്ചു

Posted on: November 16, 2013 12:38 am | Last updated: November 16, 2013 at 12:38 am

കോട്ടയം: എം ജി യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയുടെ യോഗ്യത സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള എം ജി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശ്രമം കേരളാ യൂനിവേഴ്‌സിറ്റി അധികൃതരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് വിജയിച്ചില്ല.
മുന്‍കൂട്ടി അറിയിച്ച പ്രകാരം ഇന്നലെ എം ജി സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. സോമശേഖരനുണ്ണി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പ്രൊഫ. സി എച്ച് അബ്ദുല്‍ ലത്വീഫ് എന്നിവരാണ് എം ആര്‍ ഉണ്ണിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് നിജസ്ഥിതിയറിയാനായി എത്തിയത്. കേരളാ യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. മുഹമ്മദ് ബഷീറിനെ സമീപിച്ചപ്പോള്‍ പരീക്ഷാ കണ്‍ട്രോളറാണ് ഇതിനുള്ള സൗകര്യം ചെയ്യേണ്ടതെന്നായിരുന്നു മറുപടി.
ഇതുപ്രകാരം പരീക്ഷാ കണ്‍ട്രോളറുമായി സമിതി ചര്‍ച്ച നടത്തി. ഈ സമയം കേരളാ സിന്‍ഡിക്കേറ്റംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാല, ആര്‍ എസ് ശശികുമാര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഒറിജിനല്‍ തന്നെയാണെന്ന് വാദിച്ച ഇവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് എം ജി സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ തിരിച്ചുപോയി.
നേരത്തെ എം ആര്‍ ഉണ്ണിയുടെ സസ്‌പെന്‍ഷന്‍ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം സര്‍വീസില്‍ തിരികെ പ്രവേശിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരാമെന്നായിരുന്നു കോടതി നിലപാട്.