Connect with us

Malappuram

വണ്ടൂരിലെ മോഷണത്തിന് പിന്നില്‍ പ്രാദേശിക സംഘങ്ങള്‍ക്ക് പങ്കെന്ന് സൂചന

Published

|

Last Updated

വണ്ടൂര്‍: അടുത്തിടെയായി ചെറുകോട്, ചെറുകുളം മേഖലയില്‍ നടന്ന വ്യാപകമായ മോഷണത്തിന് പിന്നില്‍ പ്രാദേശിക സംഘങ്ങള്‍ക്ക് പങ്കെന്ന് സൂചന. മോഷ്ടാക്കള്‍ക്ക് വീടുകളെ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്ന ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിലേക്കാണ് അടുത്തിടെ നടന്ന മോഷണ പരമ്പരകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ചെറുകുളം കൊയിലാണ്ടിയില്‍ കണ്ണേങ്ങല്‍ ഉമറിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും എട്ടായിരം രൂപയുമാണ് മോഷണം പോയത്. വീട്ടുകാര്‍ വിരുന്ന്‌പോയ തക്കം നോക്കിയാണ് ഈ വീട്ടില്‍ മോഷണം നടന്നത്. വീട്ടുകാരെ സംബന്ധിച്ച് വിവരം അറിയാതെ ഇത്തരത്തില്‍ മോഷണം നടക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കൂടാതെ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഇവരുടെ സഹോദരനായ കണ്ണേങ്ങല്‍ സുലൈമാന്റെ വീട്ടിലും പേലേപ്പുറം ചെറുകാവ് അബ്ദുല്‍ജലീലിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഈ രണ്ടു വീട്ടുകാരും രാത്രി വിരുന്നുപോയ സമയത്തായിരുന്നു മോഷണം. രാത്രി പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴേക്കും മോഷണം നടന്നുകഴിഞ്ഞിരുന്നു. സ്വര്‍ണ മോതിരം, 1500 രൂപ എന്നിങ്ങനെയാണ് കണ്ണേങ്ങല്‍ സുലൈയുടെ വീട്ടില്‍ നിന്ന് മോഷണം പോയത്. അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയി.
കഴിഞ്ഞ മൂന്ന് മാസമായി ചെറുകോട് കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തില്‍ മോഷണം വ്യാപകമായിരുന്നത്. ചെറുകോട് ഇരുപത്തെട്ടിലെ പൂവത്തി ഹക്കീം മാസ്റ്റര്‍, ആശാരിപ്പടിയിലെ കറുത്തേടത്ത് അബ്ദുറസാഖ്, അയനിക്കോട് കാക്കാത്തോട് പാലത്തിന് സമീപം താമസിക്കുന്ന ചുണ്ടിയന്‍മൂച്ചി മുഹമ്മദ് അന്‍വര്‍, കുപ്പനത്ത് പൊന്നുമുണ്ടശ്ശേരി ഹൈദ്രു തുടങ്ങിയവരുടെ വീടുകളിലും സമാന രീതിയിലാണ് മോഷണം നടന്നത്.
വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഈ സ്ഥലങ്ങളില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് ചെറുകോട്ടിലും പരിസരങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതോടെ ചെറുകോട് നിന്നും മോഷ്ടാക്കള്‍ ചാത്തങ്ങോട്ടുപുറം, പേലേപ്പുറം, ചെറുകുളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.
എല്ലാ മോഷണങ്ങളും രാത്രി ഏഴിനും പത്തിനുമിടയിലാണ് നടന്നത്. ഒരേ സംഘമായിരിക്കാം ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ വീട്ടുകാര്‍ പരിസര പ്രദശങ്ങളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ വിരുന്ന്‌പോകുന്ന സമയത്താണ് ഈ മോഷണങ്ങളെല്ലാം നടന്നത്. വീട്ടുകാരുടെ നീക്കങ്ങളെ സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കുന്നതിനാലാണ് ഇത്തരം മോഷണം വ്യാപകമാകുന്നത്. വീട്ടുകാരുടെ നീക്കങ്ങള്‍ അറിയുന്ന പ്രാദേശിക സംഘങ്ങള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം മോഷണത്തിന് സഹായകമാകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.