Connect with us

Kerala

എല്‍ ഡി സി പരീക്ഷകള്‍ ഇന്ന് തുടങ്ങും; ആദ്യഘട്ടം 2.64 ലക്ഷം പേര്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കൂടാന്‍ ഏറ്റവും കൂടുതല്‍ പേര്‍ എഴുതുന്ന പി എസ് സിയുടെ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ ഇന്ന് തുടങ്ങുന്നു. തിരുവനന്തപുരം, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് പരീക്ഷ. രണ്ട് ജില്ലകളിലുമായി 2,64,916 അപേക്ഷകരുണ്ട്. ഇവര്‍ക്കായി ഏഴ് ജില്ലകളില്‍ 1,056 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 2.14 ലക്ഷം അപേക്ഷകര്‍ക്ക് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് കേന്ദ്രങ്ങള്‍. 385 കേന്ദ്രങ്ങളിലായി തിരുവനന്തപുരം ജില്ലയില്‍ ഒരു ലക്ഷം അപേക്ഷകര്‍ പരീക്ഷയെഴുതും. കൊല്ലത്ത് 205 പരീക്ഷാകേന്ദ്രങ്ങളിലായി 50,000ത്തോളം പേരും ആലപ്പുഴയില്‍ 105 കേന്ദ്രങ്ങളിലായി 25,000 പേരും പരീക്ഷയെഴുതും. കോട്ടയത്ത് 109 കേന്ദ്രങ്ങളിലായി 22,000 പേരും പത്തനംതിട്ടയില്‍ 71 കേന്ദ്രങ്ങളിലായി 16,500 പേരും പരീക്ഷയെഴുതും. കാസര്‍കോട് ജില്ലയിലേക്ക് അപേക്ഷിച്ച 50,024 പേര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ക്കൂടി പരീക്ഷാകേന്ദ്രമുണ്ടാകും. കാസര്‍കോട്ട് 85 കേന്ദ്രങ്ങളില്‍ 23,000 പേരും കണ്ണൂരില്‍ 96 കേന്ദ്രങ്ങളില്‍ 27,000 പേരും പരീക്ഷയെഴുതും.
ഉദ്യോഗാര്‍ഥികള്‍ ഒന്നര മണിക്കുമുമ്പ് ഹാളില്‍ പ്രവേശിക്കണമെന്ന് പി എസ് സി നിര്‍ദേശിച്ചു. ഒന്നരക്ക് ശേഷമെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഹാള്‍ടിക്കറ്റും വിശദമായി പരിശോധിക്കും. ഇതിലെ ഫോട്ടോയില്‍ പേരും തീയതിയും പി എസ് സിയുടെ മുദ്രയുമുണ്ടെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം.
തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റും വ്യവസ്ഥകള്‍ക്കനുസരിച്ചല്ലെങ്കില്‍ ഉദ്യോഗാര്‍ഥിയെ പരീക്ഷ തുടങ്ങുന്നതിനു മുമ്പുതന്നെ പുറത്താക്കും. ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ എല്‍ ഡി സി പരീക്ഷ നടക്കുക. എല്ലാ ജില്ലകളിലുമായി 15,29,921 അപേക്ഷകരാണുള്ളത്. 2015 മാര്‍ച്ച് 31നു മുമ്പ് എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി എസ് സി തീരുമാനിച്ചിരിക്കുന്നത്.

Latest