തിരുവഞ്ചൂരിനെതിരെ പ്രമേയം: കെ എസ് യു സമ്മേളനത്തില്‍ സംഘര്‍ഷം

Posted on: November 9, 2013 12:15 am | Last updated: November 9, 2013 at 12:58 am

കൊല്ലം: രാഷ്ട്രീയപ്രമേയത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരായ വിമര്‍ശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമ്മേളന പ്രതിനിധികളില്‍ ഒരു വിഭാഗം രംഗത്തു- വന്നത് കെ എസ് യു സംസ്ഥാന സമ്മേളന വേദിയെ സംഘര്‍ഷഭരിതമാക്കി. പ്രതിനിധികളില്‍ ഒരു വിഭാഗം സമ്മേളന വേദിയിലേക്ക് ചാടിക്കയറി ബഹളം വെക്കുകയായിരുന്നു. ഒടുവില്‍ നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കേരള പോലീസില്‍ നിന്ന് കെ എസ് യുവിന് സംരക്ഷണമോ നീതിയോ ലഭിക്കുന്നില്ലെന്ന് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു. പല ഭാഗത്തും പ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കെ എസ് യു പ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്നും ഉള്‍പ്പെടെ ആഭ്യന്തര മന്ത്രിക്കും വകുപ്പിനും എതിരെ കെ എസ് യു രൂക്ഷമായ വിമര്‍ശമാണ് നടത്തിയത്. രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം. കെ സുധാകരന്‍ എം പി സമ്മേളന ഹാളിലെത്തിയപ്പോള്‍ ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചതും വാക്കേറ്റത്തിന് കാരണമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ചേരിതിരിവുകള്‍ കെ എസ് യുവിലും ശക്തമാണെന്നതിലേക്കണ് സമ്മേളനത്തിലെ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.