മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പുതിയ അപേക്ഷകള്‍ സ്വീകരിക്കും

Posted on: November 2, 2013 7:36 am | Last updated: November 2, 2013 at 7:36 am

മലപ്പുറം: ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍കൂട്ടി പരാതി നല്‍കാത്ത അപേക്ഷകന് നേരിട്ട് അപേക്ഷ നല്‍കാം. ഉച്ചയ്ക്ക് ഒന്നിനകം എം എസ് പി ഗ്രൗണ്ടിലെ പ്ലോട്ട് ‘ബി’ യിലെ അന്വേഷണ കൗണ്ടറിലെത്തി കമ്പ്യൂട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തി നമ്പര്‍ വാങ്ങണം. അപേക്ഷാ നമ്പര്‍ ക്രമത്തില്‍ ക്യൂ നില്‍ക്കണം. മുഖ്യമന്ത്രി ഒന്നിനും രണ്ടിനുമിടയില്‍ പ്ലോട്ട് ‘ബി’ യില്‍ നേരിട്ടെത്തി അപേക്ഷ വാങ്ങും. പുതിയ അപേക്ഷകര്‍ യാതൊരു കാരണവശാലും പ്ലോട്ട് ‘എ’ യില്‍ പ്രവേശിക്കരുത്.
വൈകീട്ട് മൂന്നിന് ശേഷവും മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കാം. എല്ലാ അപേക്ഷകളും സ്വീകരിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി അവസാനിപ്പിക്കുകയുള്ളൂ. അതിനാല്‍ പുതിയ പരാതികള്‍ നല്‍കുന്നവര്‍ക്കായി ഒരുക്കിയ സംവിധാനവും സമയക്രമവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അഭ്യര്‍ഥിച്ചു. ജനസമ്പര്‍ക്ക പരിപാടി ദിവസം ലഭിച്ച അപേക്ഷകളിലുള്ള തീരുമാനം പിന്നീട് അറിയിക്കും.

സമയക്രമം പാലിക്കണം

മലപ്പുറം: ജനസമ്പര്‍ക്ക പരിപാടിയില്‍ രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ പരിഗണിക്കുന്നതിന് തിരഞ്ഞെടുത്ത അപേക്ഷകര്‍ സമയക്രമം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. തിരുവനന്തപുരത്തു നിന്നും സി-ഡിറ്റ് മൂന്ന് വിധത്തില്‍ സന്ദേശം അയച്ചിട്ടുണ്ട്. പ്രിന്റു ചെയ്ത് അയച്ച കത്ത്, എസ് എം എസ് സന്ദേശം, ഇ-മെയില്‍ സന്ദേശം എന്നിവയില്‍ സമയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ തിരഞ്ഞെടുത്തവര്‍ക്ക് കത്ത് ലഭിച്ചിട്ടില്ലെങ്കില്‍ മൊബൈല്‍ സന്ദേശം/ഇ-മെയില്‍ സന്ദേശം അന്വേഷണ കൗണ്ടറില്‍ കാണിച്ചാല്‍ അറിയിപ്പ് കത്തിന്റെ പകര്‍പ്പ് നല്‍കും.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ ഓരോ മണിക്കൂര്‍ വീതമുള്ള നാല് ടൈം സ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ 11 വരെ, 11 മുതല്‍ ഒന്നുവരെ, ഒന്ന് മുതല്‍ മൂന്ന് വരെ, (പുതിയ അപേക്ഷകള്‍ സ്വീകരിക്കല്‍) രണ്ട് മുതല്‍ മൂന്ന് വരെ, മൂന്ന് മണിക്ക് ശേഷം (പുതിയ അപേക്ഷകള്‍ സ്വീകരിക്കല്‍). അപേക്ഷകന് നല്‍കിയ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ പന്തലിന്റെ പ്ലോട്ട് ‘ബി’ യില്‍ ഇരിക്കണം. വകുപ്പുതലത്തിലെടുത്ത നടപടികള്‍ക്കു പുറമെ മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയാല്‍ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് വേദിയില്‍ നിന്ന് തന്നെ നല്‍കും. നിശ്ചിത സമയമാകുമ്പോള്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ ഓരോ ടൈം സ്ലോട്ടിലുമുള്ള അപേക്ഷകരുടെ പേര് അനൗണ്‍സ് ചെയ്യും. അപേക്ഷകന്റെ ടൈം സ്ലോട്ട് ആകുമ്പോള്‍ ഇന്റിമേഷന്‍ കാര്‍ഡ് പരിശോധനക്ക് നല്‍കിയ ശേഷം ‘ബി’ യില്‍ നിന്ന് ‘എ’ ഭാഗത്തേക്കുള്ള പ്രവേശന കവാടത്തില്‍ കൂടി ‘എ’ ഭാഗത്ത് ഇരിക്കണം. തുടര്‍ന്ന് പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ വലതുവശത്തെ റാംപിലൂടെ വേദിയിലെത്തണം. വേദിയിലുള്ള കമ്പ്യൂട്ടര്‍ ഡസ്‌ക്കില്‍ അപേക്ഷകന്റെ ഡോക്കറ്റ് നമ്പര്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ മുമ്പിലെത്തണം. മുഖ്യമന്ത്രി അപേക്ഷ പരിശോധിച്ചതിന് ശേഷമുള്ള തീരുമാനത്തിന്റെ പകര്‍പ്പ് അപേക്ഷകന് നല്‍കും. വലതുവശത്തെ റാംപില്‍ കൂടി സ്റ്റേജിലേക്കു കയറിയ അപേക്ഷകന്‍ ഇടതുവശത്തെ റാംപിലൂടെ പുറത്തേക്ക് പോവണം. ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയിട്ടുള്ള ഓരോ അപേക്ഷയുടെയും വിവരങ്ങള്‍/തീരുമാനം പന്തലിന് സമീപം സജ്ജമാക്കിയ വകുപ്പുകളുടെ കൗണ്ടറുകളില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച രശീത് അപേക്ഷകന്റെ കൈവശമുണ്ടാവണം. അപേക്ഷയിന്മേല്‍ എടുത്ത തീരുമാനം അന്വേഷണ കൗണ്ടറില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും.