Connect with us

Kasargod

ദേശീയപാതയില്‍ മത്സ്യജലത്തില്‍ തെന്നിയുള്ള വാഹനാപകടങ്ങള്‍ വീണ്ടും പെരുകുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ മത്സ്യജലത്തില്‍ തെന്നിയുള്ള വാഹനാപകടങ്ങള്‍ പെരുകുന്നു. ജില്ലയില്‍ ചെറുവത്തൂര്‍, പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്ത്, മൂലക്കണ്ടം, പുല്ലൂര്‍, പൊള്ളക്കട, കേളോത്ത് എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങള്‍ ഏറെയും വര്‍ദ്ധിച്ചിരിക്കുന്നത്. അടിക്കടി അപകടങ്ങളുണ്ടാകുന്ന ഈ ഭാഗങ്ങളില്‍ റോഡിലൂടെ ഒഴുകുന്ന മത്സ്യജലമാണ് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
കഴിഞ്ഞദിവസം പൊള്ളക്കടയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. കുണിയയില്‍ മത്സ്യജലത്തില്‍ തെന്നി നിരവധി ബൈക്കുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇതിന് മുമ്പ് കേളോത്ത്, പൊള്ളക്കട ഭാഗങ്ങളില്‍ ലോറികള്‍ അടക്കം നിരവധി വാഹനങ്ങള്‍ മത്സ്യജലത്തില്‍ തെന്നി മറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. റോഡിലേക്ക് മലിനജലം ഒഴുക്കിപ്പോകുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പോലീസ് നടപടി കൈക്കൊണ്ടതോടെ ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് നടപടികള്‍ നിര്‍ത്തിവെച്ച നിലയിലാണ്. ഇതോടെ സുരക്ഷിതമായ രീതിയില്‍ മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. ഏത് സമയത്തും മത്സ്യജലം റോഡിലേക്ക് ഒഴുകിപ്പോകുന്ന രീതിയിലാണ് മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ ഓടിക്കുന്നത്.
ജില്ലയിലെ സ്ഥിരം അപകടമേഖലകളില്‍ മത്സ്യജലം വന്‍ദുരന്തങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ റോഡില്‍ മത്സ്യജലം തളംകെട്ടിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.
കേരളത്തില്‍ വാഹനാപകടങ്ങള്‍ തടയാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടുവരുമ്പോഴാണ് മത്സ്യവാഹനങ്ങള്‍ അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടവരുത്തുംവിധം മലിനജലം ഒഴുക്കി കടന്നുപോകുന്നത്.

 

Latest