ഉന്നത വിദ്യാഭ്യാസം നല്‍കി തലയെടുപ്പോടെ നില്‍ക്കാന്‍ സ്ത്രീയെ പ്രാപ്തയാക്കണം: ഇ ടി

Posted on: November 1, 2013 11:26 am | Last updated: November 1, 2013 at 11:26 am

കൂറ്റനാട്: പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍ പൊന്നോ പണമോ അല്ല നല്‍കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ തലയെടുപ്പോടെ നില്‍ക്കാനുള്ള ശേഷിയാണ് ഉണ്ടാക്കേണ്ടതെന്നും അതാണ് അവര്‍ക്ക് നല്‍കുന്ന വലിയ സമ്പത്തെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി പറഞ്ഞു.
ചാലിശേരിയില്‍ പി പി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാരത് നിര്‍മാണ്‍ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്യപിക്കുന്നവന്റെ മര്‍ദനങ്ങള്‍ക്ക് ബലിയാടുകള്‍ ആകേണ്ടവരല്ല സ്ത്രീകള്‍. ലഹരി ബാധിച്ചവന്റെ ഭത്സനള്‍ക്ക് നിന്ന് കൊടുക്കാതെ, മദ്യ-മയക്കുമരുന്ന് വിപത്തുകള്‍ക്കതിരെ പോരാടന്‍ സ്ത്രീകള്‍ രംഗത്ത് വരണമെന്നും ഇ ടി പറഞ്ഞു.
പഴയ കാലങ്ങളില്‍ പ്രസവത്തില്‍ മരണപ്പെടുന്ന കുഞ്ഞും പ്രസവത്തോടെ മരണപ്പെടുന്ന അമ്മയും നിത്യസംഭവങ്ങളായിരുന്നു. ഇന്ന് പൂര്‍ണാരോഗ്യവനായ കുഞ്ഞിനെ ആരോഗ്യവതിയായ സ്ത്രീ ആരോഗ്യമുള്ള ഒരു സമൂഹത്തിലേക്ക് പ്രസവിച്ച് നല്‍കുന്ന സന്തോഷകരമായ ഒരു അവസ്ഥയിലേക്ക് നമ്മുടെ നാട് മാറിയിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബശീര്‍ പറഞ്ഞു.
സെമിനാറില്‍ ഷീബാ അജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമര്‍ മൗലവി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി ഇ സലാം, ഹൈറുന്നീസ മുസ്തഫ പ്രസംഗിച്ചു.